തിരുവനന്തപുരം : പൊതു ഉന്നതവിദ്യാഭ്യാസ രംഗങ്ങളിൽ കേരളവുമായി സഹകരിക്കാൻ ഫിൻലൻഡ്. ഗവേഷണസ്ഥാപനങ്ങൾ തമ്മിലും അധ്യാപകക്കൈമാറ്റ പരിശീലന പരിപാടികള്‍ക്കും ധാരണയായി. അടിസ്ഥാന വിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാസത്തിലും ശാസ്ത്രം, കണക്ക് വിഷയങ്ങളിലെ പഠനത്തിലും മൂല്യനിർണയത്തിലുമായിരിക്കും തുടക്കത്തിൽ സഹകരണം.
ഫിൻലൻഡ് വിദ്യാഭ്യാസമന്ത്രി ലി ആൻഡേഴ്സന്‍റെ ക്ഷണപ്രകാരമാണ് കേരളസംഘത്തിന്‍റെ സന്ദർശനം. KITE- ന്‍റെ തനത് സംരംഭമായ ലിറ്റില്‍ കൈറ്റ് എന്ന അടിസ്ഥാന ഐ.ടി വിദ്യാഭ്യാസപദ്ധതി, ഫിന്‍ലാന്‍ഡിലെക്ക് കൊണ്ടുവരാന്‍ ഫിന്നിഷ് ഗവണ്മെന്‍റ് താല്പര്യം പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ തുടർചർച്ചകൾക്കായി രൂപരേഖ ഉടന്‍ തയ്യാറാക്കും.
കേന്ദ്രസർക്കാരുമായി ചർച്ചനടത്താൻ ഡൽഹിയിൽ ഒരു ഫിന്നിഷ് വിദ്യാഭ്യാസ വിദഗ്ധനെ ചുമതലപ്പെടുത്തി. ഗവേഷണസ്ഥാപനങ്ങളുടെ സഹകരണത്തിൽ സംസ്ഥാനത്തെ എസ്.സി.ഇ.ആർ.ടി., സീമാറ്റ്, എസ്.ഐ.ഇ.ടി. എന്നിവ പങ്കാളികളാകും. ഫിൻലൻഡിലെ യുവസ്കുല സർവകലാശാലയുടെ നേതൃത്വത്തിലുള്ള ഗ്ലോബൽ ഇന്നൊവേഷൻ നെറ്റ് വർക്ക് ഓഫ് ടീച്ചിങ് ആൻഡ് ലേണിങ് (ജി.കെ.എൻ.ടി.എൽ.) നോഡൽ ഏജൻസിയാകും.