ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി പ്രചാരണ ഗാനം പുറത്തിറക്കി. ഭാരത് മണ്ഡപത്തിൽ നടന്ന ബിജെപിയുടെ ദേശീയ കൗൺസിൽ യോഗത്തിലാണ് ‘ഫിർ ഏക് ബാർ മോദി സർക്കാർ’ എന്ന പ്രചാരണ ഗാനം പുറത്തിറക്കിയത്. 24 വ്യത്യസ്‌ത ഭാഷകളിലാണ് ഗാനം. മോദി സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതാണ് ഗാനത്തിൻ്റെ പ്രമേയം. ചന്ദ്രയാൻ-3 ദൗത്യം, രാമക്ഷേത്ര നിർമ്മാണം തുടങ്ങിയ ശ്രദ്ധേയമായ നേട്ടങ്ങളും പാട്ടിൽ വിവരിക്കുന്നു. ആറ് മിനിറ്റാണ് ഗാനത്തിന്റെ ദൈർഘ്യം.
2024 ജനുവരിയിലാണ് ദേശീയ പ്രസിഡൻ്റ് ജെ.പി. നദ്ദയാണ് ‘ഫിർ ഏക് ബാർ മോദി സർക്കാർ’ കാമ്പയിൻ ഉദ്ഘാടനം ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് www.ekbaarphirsemodisarkar.bjp.org എന്ന വെബ്‌സൈറ്റും പാർട്ടി തുടങ്ങിയിട്ടുണ്ട്. ഡൽഹിയിൽ നടന്ന ബിജെപി ദേശീയ സമ്മേളനത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലക്ഷ്യമിടുന്ന നിയോജക മണ്ഡലങ്ങളിലെ വികസന സംരംഭങ്ങൾക്ക് നേതൃത്വം നൽകാനുള്ള ഉത്തരവാദിത്തം ബിജെപി ‘പ്രവാസ് മന്ത്രിമാരെ’ ഏൽപ്പിച്ചു. അടുത്ത 100 ദിവസങ്ങളിൽ പാർട്ടി പ്രവർത്തകർക്കായി വിപുലമായ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.