കുണ്ടറ: കിണറ്റിൽ വീണ വയോധികയെ അഗ്നിരക്ഷാസേന അതിസാഹസികമായി രക്ഷപെടുത്തി. അംബി പൊയ്ക പി.കെ.പി കവല അനീഷ് ഭവനിൽ സുമംഗല (72) ആണ് വീട്ടുമുറ്റത്തെ കിണറ്റിൽ അകപ്പെട്ടത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
കിണറ്റിനുള്ളിൽ നിന്നും നിലവിളി കേട്ട സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കുണ്ടറ അഗ്നിശമന സേനയിലെ ഫയർ ആന്റ് റെസ്കൂ ഓഫീസർ മിഥിലേഷ് .എം. കുമാർ വളരെ പെട്ടെന്ന് തന്നെ പായൽ പിടിച്ച കോൺക്രീറ്റ് തൊടികളിൽ കൂടി 30 അടി താഴ്ച്ചയും 10 അടി വെള്ളവും വായുസഞ്ചാരം കുറവുള്ളതുമായ ഇടുങ്ങിയ കിണറ്റിൽ ഇറങ്ങി സുമംഗലയെ റെസ്ക്യൂ നെറ്റിൽ കയറ്റി മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ കരയിൽ എത്തിച്ചു.
അഗ്നിരക്ഷാസേനയുടെ വാഹനം കടന്നു പോകാത്ത വഴി ആയതിനാൽ രക്ഷാ സംവിധാനങ്ങൾ സ്ഥലത്തെത്തിക്കാൻ സേനാംഗങ്ങൾ ഏറെ പണിപ്പെട്ടു. കുണ്ടറ അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫിസർമാരായ ജോൺസൺ, അനി, സഞ്ജയൻ, വിനോദ് റ്റൈറ്റസ്, എബിൻ, അശോകൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.