പുളിക്കീഴ് : ട്രാവൻകൂർ ഷുഗർസ് ആൻഡ് കെമിക്കൽസ് ഗോഡൗണിൽ നടന്ന തീപിടുത്തം സംബന്ധിച്ച് അഭ്യൂഹങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ യഥാർത്ഥ കാരണം കണ്ടെത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി ആവശ്യപ്പെട്ടു. സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഇത്തരം സ്ഥാപനങ്ങളിലും സംരംഭങ്ങളിലും എല്ലാം സുരക്ഷാ ഓഡിറ്റ് നിർബന്ധമാക്കണം. ഗോഡൗണിൽ സൂക്ഷിക്കുന്ന മദ്യത്തിന്റെ കൃത്യമായ കണക്ക് ഉണ്ടാവേണ്ടതാണ്. ഇത്തരം എല്ലാ സ്ഥലങ്ങളിലും സ്റ്റോക്കിന്റെ രജിസ്റ്ററും മറ്റും കൃത്യമായി സൂക്ഷിക്കാറുണ്ട്.
നടപടിക്രമമനുസരിച്ചു അത് നിർബന്ധമായി പാലിക്കേണ്ടതുമാണ്. എന്നാൽ വകുപ്പ് മന്ത്രിയും മാനേജിങ് ഡയറക്ടറും നൽകുന്ന വിശദീകരണത്തിൽ ഉദ്ദേശ കണക്ക് അല്ലാതെ കൃത്യമായ വിവരം നൽകുന്നില്ല. കൃത്യമായ വിവരം നൽകാൻ മടിക്കുന്നതു ദുരൂഹത വർദ്ധിപ്പിക്കുകയേയുള്ളൂ. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ അധികൃതർ തയ്യാറാവണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു. മുൻ ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, റെജി തൈക്കടവിൽ, എബി വർഗീസ്, ജിബിൻ സക്കറിയ, ജോയ് മുതലപ്പറമ്പിൽ, ജസ്സി മോഹൻ, മോഹൻ തൈക്കടവിൽ തുടങ്ങിയവരോടൊപ്പം ജോസഫ് എം.പുതുശ്ശേരി സംഭവസ്ഥലം സന്ദർശിച്ചു.