വൈക്കം: അഗ്‌നിരക്ഷാസേനയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും ഏകോപനത്തിനും 18 ഡെപ്യൂട്ടി ജില്ലാ ഫയര്‍ ഓഫീസര്‍ തസ്തിക സൃഷ്ടിക്കണമെന്ന് അഗ്‌നിരക്ഷാവകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. ദുരന്തമുഖങ്ങളില്‍ ആദ്യം പാഞ്ഞെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നത് അഗ്‌നിരക്ഷാസേനയാണ്. അപകടകരവും പ്രവചനാതീതവുമായ സാഹചര്യങ്ങളിലാണ് ജോലി. എന്നാല്‍, തങ്ങളുടെ അധ്വാനത്തിന്റെ ‘ക്രെഡിറ്റ്’ മറ്റ് ഏജന്‍സികള്‍ കൊണ്ടുപോകുന്നെന്ന് സേനയ്ക്കുള്ളില്‍ പരാതിയുണ്ട്. മധ്യനിര മാനേജ്‌മെന്റില്ലാത്തതാണ് അഗ്‌നിരക്ഷാസേനയുടെ മുഖം പുറത്തുകാണുന്നതിന് തടസ്സം.
ഇതെല്ലാം പരിഹരിക്കാനാണ് ശുപാര്‍ശ. കൃത്യമായ നേതൃത്വമുള്ള മറ്റ് ഏജന്‍സികളുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്ന അഗ്‌നിരക്ഷാസേനയുടെ ദുരന്തമുഖങ്ങളിലെ പങ്ക് ആരും കാണാതെപോകുന്നു. 22210 അംഗങ്ങളുള്ള സേനയില്‍ 19 ജില്ലാ ഫയര്‍ ഓഫീസര്‍മാരേയുള്ളൂ. ഹോം ഗാര്‍ഡുകള്‍, സിവില്‍ ഡിഫെന്‍സ് സേന, ആപ്ദാമിത്ര എന്നിവരുടെ ഏകോപനത്തിന് തസ്തിക ഇല്ല. വകുപ്പില്‍ ആകെ 30 ഗസറ്റഡ് ഓഫീസര്‍ തസ്തികയേയുള്ളൂ. 18 അഗ്നിരക്ഷാനിലയങ്ങള്‍വരെ ഒരു ജില്ലാ ഫയര്‍ ഓഫീസര്‍ നിയന്ത്രിക്കണം. ജില്ലാ ഫയര്‍ ഓഫീസര്‍ ഒരുസ്ഥലത്തേക്ക് നീങ്ങിയാല്‍ മറ്റ് അടിയന്തര സാഹചര്യങ്ങള്‍ നിയന്ത്രിക്കാന്‍ ചുമതലപ്പെട്ടവരില്ല.
ജീവനക്കാരുടെ അവധി, സാലറി സര്‍ട്ടിഫിക്കറ്റുകള്‍, പിഎഫ്. ലോണ്‍ അപേക്ഷകള്‍, മറ്റ് ഭരണപരമായ ചുമതലകള്‍ എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ സമയത്ത് ചെയ്തുകൊടുക്കാനാകുന്നില്ല. വകുപ്പില്‍ നിന്നും സമയബന്ധിതമായി എന്‍ഒസി ലഭിക്കാതായതോടെ, പൊതുജനങ്ങളുടെ സംരംഭങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനാനുമതി സമയത്ത് കിട്ടാത്ത സാഹചര്യവും ഉണ്ട്. ഇതിനെല്ലാം പരിഹാരമായാണ് ഡിഡിഎഫ്ഒമാരുടെ തസ്തിക സൃഷ്ടിക്കണമെന്ന ആവശ്യം. ദുരന്തങ്ങള്‍ ഏറിവരുന്നതിനാല്‍ സേനയെ ശക്തിപ്പെടുത്തണമെന്നും ആവശ്യമുണ്ട്.
18 അഗ്നിരക്ഷാനിലയങ്ങളുള്ള എറണാകുളത്തും 15 എണ്ണമുള്ള തിരുവനന്തപുരത്തും രണ്ടുവീതവും ബാക്കിയുള്ള ജില്ലകളിലും സേനാ ആസ്ഥാനത്തും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമിയിലും ഒന്നുവീതവും എന്ന കണക്കിലാണ് ഡിഡിഎഫ്ഒ തസ്തിക വേണ്ടത്. മുമ്പ് ഡെപ്യൂട്ടി ഡിസ്ട്രിക് ഫയര്‍ ഓഫീസര്‍ എന്ന തസ്തിക സൃഷ്ടിക്കാന്‍ ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍, അധിക സാമ്പത്തികബാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ അംഗീകരിച്ചില്ല. വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധമുള്ള ശുപാര്‍ശയാണ് ഇത്തവണ സമര്‍പ്പിച്ചിരിക്കുന്നത്. 18 ഡെപ്യൂട്ടി ജില്ലാ ഫയര്‍ ഓഫീസര്‍ തസ്തിക സൃഷ്ടിക്കണമെന്ന് ശുപാര്‍ശ.