ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ ഗനേഷ് ശങ്കര്‍ വിദ്യാര്‍ഥി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയിലെ ഹൃദ്രോഗവിഭാഗത്തില്‍ തീപടര്‍ന്നതോടെ രോഗികളെ പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് പുറത്തെത്തിച്ചതായി പോലീസ് അറിയിച്ചു.
കാണ്‍പുര്‍ ഗനേഷ് ശങ്കര്‍ വിദ്യാര്‍ഥി മെഡിക്കല്‍ കോളജില്‍ രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. എല്‍.പി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയില്‍ ഏകദേശം 146 രോഗികള്‍ ചികിത്സയിലുണ്ടായിരുന്നതായാണ് പുറത്ത് വരുന്ന വിവരം.
അപകട സമയത്ത് രോഗികളെ സുരക്ഷിതമായി പുറത്തെത്തിച്ചതായി അധികൃതര്‍ അറിയിച്ചു. ഫയര്‍ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി. തീ പടര്‍ന്നപ്പോള്‍ തന്നെ 146 രോഗികളെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ഒൻപതുപേര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് കമ്മീഷനര്‍ അസീം അരുണ്‍ അറിയിച്ചു.