തിരുവനന്തപുരം : സംസ്ഥാനത്ത് പൊതുവിപണിയിൽ വിൽക്കുന്ന പച്ചക്കറി ഇനങ്ങളിൽ പലതിന്റെയും വില സെഞ്ചുറി കടന്നു. അമര, കത്തിരി, വഴുതന, പയർ, വലിയമുളക്, ബീൻസ്, വെള്ളരി, തക്കാളി, മുരിങ്ങയ്ക്ക തുടങ്ങിയവയുടെ വിലയാണ് പൊതുവിപണിയിൽ 100 രൂപ പിന്നിട്ട് കുതിക്കുന്നത്. കോവയ്ക്ക കിലോഗ്രാമിന് 95 രൂപയായി. ബീറ്റ്റൂട്ട്, കോളിഫ്ലവർ, കാരറ്റ്(ഊട്ടി), പാവയ്ക്ക, വെണ്ട, ചെറിയമുളക് എന്നിവയുടെ വിലയും കിലോഗ്രാമിന് 100 രൂപയോട് അടുക്കുകയാണ്.
പൊതുവിപണിയിൽ മല്ലിയിലയ്ക്ക് 88 രൂപയുള്ളപ്പോൾ ഹോർട്ടികോർപ്പിന്റെ വിൽപനശാലകളിൽ കിലോഗ്രാമിന് 100 രൂപയാണ്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും പച്ചക്കറികൾ എത്തിച്ച് ഹോർട്ടികോർപ്പിന്റെയും വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെയും വിൽപനശാലകൾ വഴി വിൽക്കുന്നതിനിടെയാണ് വില കുതിച്ചുയരുന്നത്. ഇതര സംസ്ഥാനങ്ങളിലെ പച്ചക്കറി ദൗർലഭ്യവും വിലക്കയറ്റത്തിനു പ്രധാന കാരണമാണെന്ന് വ്യാപാരികൾ പറയുന്നു.