തൃശൂർ : കൊറ്റമ്പത്തൂരിൽ കാട്ടുതീയിൽ രണ്ട് വനപാലകർ മരിച്ചു. ഫോറസ്റ്റ് വാച്ചർമാരായ വേലായുധൻ, ദിവാവകരൻ എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിൽപ്പെടുന്ന പ്രദേശമാണിത്. പത്തോളം ഫോറസ്റ്റ് വാച്ചർമാരാണ് സ്ഥലത്തെത്തിയത്.
തീ അണക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ട് പേർ പൊള്ളലേറ്റ് മരിച്ചത്. കൊടുമ്പ് സ്വദേശി ശങ്കരൻ എന്നയാളാണ് പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അക്വേഷ്യ മരങ്ങൾ ധാരാളമുള്ള പ്രദേശത്താണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച മുതൽ ഇവിടെ കാട്ടുതീ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രദേശത്ത് എത്തിപ്പെടാൻ വയ്യാത്ത വിധം കാട്ടുതീ ഇപ്പോഴും തുടരുകയാണ്.