റിയാദ്: റിയാദിലെ ഖാലിദിയ്യയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ മരിച്ച രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂര്‍ തറക്കല്‍ യൂസഫിന്റെ മകന്‍ അബ്ദുല്‍ ഹക്കീം (31), മേല്‍മുറി സ്വദേശി നൂറേങ്ങല്‍ കവുങ്ങല്‍ത്തൊടി വീട്ടില്‍ ഇര്‍ഫാന്‍ ഹബീബ് (33) എന്നിവരാണ് മരിച്ച മലയാളികള്‍. ഇവര്‍ ഉള്‍പ്പെടെ ആകെ ആറ് പേരാണ് അപകടത്തില്‍ മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30നാണ് അഗ്നിബാധയുണ്ടായത്.
രണ്ട് മലയാളികള്‍ക്ക് പുറമെ രണ്ട് തമിഴ്‌നാട് സ്വദേശികളും ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഖാലിദിയ്യയിലെ പെട്രോള്‍ പമ്പില്‍ പുതിയതായി ജോലിക്കെത്തിയവരാണ് അപകടത്തില്‍പെട്ടത്. ഇവരില്‍ മൂന്ന് പേര്‍ക്ക് വ്യാഴാഴ്ച ഇഖാമ ലഭിച്ചതേ ഉണ്ടായിരുന്നുള്ളൂ. മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയിലാണ്.