എറണാകുളം : കൊച്ചി ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലും കളമശ്ശേരിയിലെ മാലിന്യ സംഭരണ കേന്ദ്രത്തിലും തീപിടിത്തമുണ്ടായി. പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീപിടിച്ചത്. അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കി. ആളപായമില്ല. കളമശ്ശേരിയിലെ നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രത്തിനാണ് ഉച്ച കഴിഞ്ഞ് രണ്ടരയോടെ ആദ്യം തീപിടിച്ചത്. കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിലേക്കും പടര്‍ന്നതോടെ തീ ആളിക്കത്തി. ഉടന്‍ തന്നെ നഗരസഭ അധികൃതര്‍ അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു.
അഗ്നിശമന സേനയുടെ ആറ് യൂണിറ്റുകള്‍ രണ്ട് മണിക്കൂര്‍ എടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. റെയില്‍വെ, കൊച്ചി മെട്രോ, ദേശീയപാത എന്നിവയ്ക്ക് സമീപമായിരുന്നു തീപിടിത്തം. ഉച്ചയ്ക്ക് ശേഷം മാലിന്യസംഭരണ കേന്ദ്രത്തില്‍ ജീവനക്കാര്‍ ഇല്ലാതിരുന്നത് ദുരന്തം ഒഴിവാക്കി. ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് തീപിടിച്ചത്. ഫയര്‍ എഞ്ചിനുകള്‍ക്ക് മാലിന്യ സംഭരണ കേന്ദ്രത്തിലേക്ക് കയറാന്‍ കഴിയാതിരുന്നത് ആദ്യം ആശങ്ക സൃഷ്ടിച്ചു. പിന്നീട് പ്ലാന്‍റിനുള്ളിലെ സംവിധാനം തന്നെ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കി.