റാന്നി : അടികാടിനു തീ പിടിച്ചത് ട്രാന്‍സ്ഫോര്‍മറിന് പരിസരത്തേക്കു പടര്‍ന്നത് പരിഭ്രാന്തി പരത്തി. വൈദ്യുതി വകുപ്പ് ജീവനക്കാരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിലൂടെ വന്‍ ദുരന്തമാണ് ഒഴിവായത്. ഉതിമൂടിന് സമീപം വലിയകലുങ്കില്‍ ഇന്നു വൈകുന്നേരം അഞ്ചു മണിയോടെയാണ് ഏവരെയും മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം നടന്നത്. സ്വകാര്യ വ്യക്തി വസ്തു ഫ്ലോട്ടുകളായി തിരിക്കുന്ന ജോലികള്‍ നടക്കുന്നതിന് സമീപത്തെ അടികാടിനാണ് തീപിടിച്ചത്.
ഇത് പടര്‍ന്നു കയറി പരിസര പ്രദേശങ്ങള്‍ കത്തിയമര്‍ന്നു. തീ ട്രാന്‍സ്ഫോര്‍മറിന് സമീപം വരെ എത്തിയിരുന്നെങ്കിലും കെ.എസ്.ഇ.ബി ജീവനക്കാരെത്തി ലൈന്‍ ഓഫ് ചെയ്തതിനാല്‍ ദുരന്തം ഒഴിവായി. റാന്നിയില്‍ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് തീ എളുപ്പം നിയന്ത്രണ വിധേയമാക്കിയതോടെയാണ് ദുരന്തഭീതി വിട്ടൊഴിഞ്ഞത്. പരിശോധനകള്‍ക്ക് ശേഷം പിന്നീട് വൈദ്യുതി പുനസ്ഥാപിച്ചു