മാഡ്രിഡ്: സ്പെയിനിലെ പാൽമ ഡി മല്ലോർക്ക വിമാനത്താവളത്തിലെ റയാന്‍ എയര്‍ വിമാനത്തില്‍ തീപിടുത്ത മുന്നറിയിപ്പ് നൽകിയതോടെ യാത്രക്കാർ പരിഭ്രാന്തിയിലാക്കി. പറന്നുയരുന്നതിന് തൊട്ടുമുമ്പുണ്ടായ മുന്നറിയിപ്പിനെ തുടര്‍ന്ന് വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ ചാടിയിറങ്ങുകയും 18 ഓളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച മാഞ്ചസ്റ്ററിലേക്ക് പോകുന്ന വിമാനം പറന്നുയരാൻ തുടങ്ങുമ്പോഴാണ് സംഭവം. ഉടൻ തന്നെ അഗ്നിശമനസേനാ വിഭാഗങ്ങളടക്കം അടിയന്തര ഇടപെടല്‍ നടത്തി യാത്രക്കാരെ എക്സിറ്റുകൾ വഴി ഒഴിപ്പിച്ചുവെങ്കിലും ചില യാത്രാക്കാര്‍ വിമാനത്തില്‍ നിന്ന് ചാടിയിറങ്ങിയതാണ് പരിക്കേല്‍ക്കാനിടയാക്കിയത്.
അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. യാത്രക്കാർ പരിഭ്രാന്തരായി വിമാനത്തിൽ നിന്ന് നിലത്തേക്ക് ചാടുന്നതും വീഡിയോയിൽ കാണാം. പരിക്കേറ്റ 18 പേരില്‍ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റീജിയണൽ എമർജൻസി കോർഡിനേഷൻ സെന്ററിലെ വക്താവ് പറഞ്ഞു. മൂന്ന് പേരെ റോട്ടർ ക്ലിനിക്കിലേക്കും മറ്റ് മൂന്ന് പേരെ ക്വിറോൺസാലുഡ് പാലമാപ്ലാനസ് ആശുപത്രിയിലേക്കും കൊണ്ടുപോയതായും വക്താവ് അറിയിച്ചു.തീപിടുത്തം ഉണ്ടാകുമ്പോള്‍ തെളിയുന്ന ബീക്കണ്‍ ലൈറ്റ് തെറ്റായി കത്തിയതാണ് തീപിടുത്ത മുന്നറിയിപ്പ് ഉണ്ടായതെന്ന് പിന്നീട് അധികൃതര്‍ സ്ഥിരീകരിച്ചു.