കൊച്ചി : ചികിത്സാ സഹായമായി ലഭിച്ച പണം തട്ടിയെടുക്കാന്‍ യുവതിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പൊതുപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെ പോലീസ് ചോദ്യംചെയ്തു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി വർഷ നൽകിയ പരാതിയിലാണ് അന്വേഷണം. അമ്മയുടെ ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമുള്ള പണത്തില്‍ അധികമുള്ളതു മറ്റ് രോഗികൾക്കു നൽകാമെന്ന് വർഷ അറിയിച്ചിരുന്നതായി ഫിറോസ് പോലീസിനോട് പറഞ്ഞു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച വർഷയുടെ അമ്മയുടെ ചികിത്സയ്ക്കായി ഒരു കോടി ഇരുപത്തി അഞ്ച് ലക്ഷത്തിലധികം രൂപയാണു സഹായമായി അക്കൗണ്ടിൽ ലഭിച്ചത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായ ഫിറോസ് കുന്നംപറമ്പിൽ സാജൻ കേച്ചേരി എന്നിവരടക്കമുള്ളവരുടെ സഹായത്തോടെ വര്‍ഷയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ പിന്നീട് ചികിത്സാ ചെലവ് കഴിഞ്ഞു ബാക്കി തുക ജോയിന്‍റ് അക്കൗണ്ടിലേക്ക് മാറ്റാൻ സാജൻ കേച്ചേരി അടക്കമുള്ളവർ ഭീഷണിപ്പെടുത്തിയെന്നു കാണിച്ച് വർഷ പോലീസിൽ പരാതി നൽകി. ഈ പരാതിയിലാണ് കൊച്ചി എസിപി കെ. ലാൽജി ഫിറോസ് കുന്നുംപറമ്പിലിനെ ചോദ്യചെയ്തത്. ഫിറോസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർഷയിൽനിന്നും പോലീസ് കൂടുതല്‍ വിവരങ്ങൾ തേടും. സാജൻ കേച്ചേരി ഉൾപ്പെടെയുള്ളവരെ പോലീസ് നേരത്തേ ചോദ്യം ചെയ്തിരുന്നു.