ന്യൂഡല്‍ഹി: കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപില്‍ ആദ്യമായി കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് മഹാമാരി വ്യാപിച്ച് ഒരു വര്‍ഷം കഴിഞ്ഞാണ് ലക്ഷദ്വീപില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.
അതേസമയം, ചെറിയ ഇടവേളക്കുശേഷം തുടര്‍ച്ചയായി രണ്ടാം ദിനവും രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 16,577 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ ആകെ 120 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,56,825 ആയി. 1.10 കോടി പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതില്‍ 1.07 കോടി പേര്‍ക്ക് രോഗം ഭേദമായി.