ഹനോയ് : വിയറ്റ്നാമില്‍ ആദ്യമായി കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. മദ്ധ്യ വിയറ്റ്നാമിലെ ഹൊയ് ആനിലില്‍ നിന്നുള്ള 70 കാരനാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. കൊവിഡിനെ ഫലപ്രദമായി നിയന്ത്രിച്ച വിയറ്റ്നാമില്‍ ഇതേവരെ ഒരാള്‍ പോലും മരിച്ചിരുന്നില്ല. ഏകദേശം മൂന്ന് മാസത്തോളം കാലം പുതിയ കൊവിഡ് കേസുകള്‍ വിയറ്റ്നാമില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതുമില്ല. ഈ ആഴ്ച ആദ്യമാണ് ഡാനാംഗിലെ ഒരു റിസോര്‍ട്ട് കൊവിഡ് ക്ലസ്റ്ററായി മാറിയത്.
95 ദശലക്ഷം മനുഷ്യര്‍ ജീവിക്കുന്ന വിയറ്റ്നാമില്‍ നിലവില്‍ 509 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ വിയറ്റ്നാം തങ്ങളുടെ അതിര്‍ത്തികളെല്ലാം അടച്ചിരുന്നു. സ്വന്തം പൗരന്മാര്‍ അല്ലാത്ത ആരെയും രാജ്യത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ചില്ല. രാജ്യത്തെത്തിയ പൗരന്മാരെ തന്നെ 14 ദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ ക്വാറന്റൈനില്‍ പാര്‍പ്പിക്കുകയും പരിശോധനകള്‍ നടത്തുകയും ചെയ്തു. ഇതോടെ വിയറ്റ്നാമില്‍ പ്രാദേശിക തലത്തില്‍ രോഗവ്യാപനം ഉണ്ടാകുന്നത് തടയാന്‍ കഴിഞ്ഞിരുന്നു.
ഈ ആഴ്ച ആദ്യമാണ് ഡാനാംഗ് റിസോര്‍ട്ടില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ അന്നേരം ഈ നഗരത്തില്‍ ഉണ്ടായിരുന്നു. ഇവരെല്ലാം ഇപ്പോള്‍ കൊവിഡ് വ്യാപനത്തിന്റെ ഭീതിയിലാണ്. ആദ്യം ഈ നഗരത്തില്‍ സര്‍ക്കാര്‍ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കൊവിഡ് കേസുകള്‍ കൂടിയതോടെ നഗരം മുഴുവനും ലോക്ക്ഡൗണിലാക്കി.