കോട്ടയം: കേരള കോൺഗ്രസ് എം അധ്യക്ഷൻ കെഎം മാണിയുടെ ഒന്നാം ചരമവാർഷികം ഇന്ന് . കൊവിഡ് വൈറസ് ബാധയെ തുടർന്നുള്ള ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ അനുസ്മരണ പരിപാടികൾ ഒഴിവാക്കി കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയാണ് കേരള കോൺഗ്രസ് എം പ്രവർത്തകർ ഓർമ്മദിനം ആചരിക്കുന്നത്. മാണിയോടുള്ള ആദരസൂചകമായി ഇന്ന് പ്രവർത്തകർ കോവിഡ് സേവന പരിപാടികളിൽ സജീവമാകുമെന്ന് ജോസഫ് വിഭാഗവും അറിയിച്ചിട്ടുണ്ട്.
പ്രായോഗിക രാഷ്ട്രീയത്തിന്റെ പകരം വെയ്ക്കാനാകാത്ത മുഖം… കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലെ അവസാന വാക്ക്..പാലയെന്ന പേരിനൊപ്പം ചേര്‍ന്ന കെഎം മാണിക്ക് അങ്ങനെ വിശേഷണങ്ങള്‍ ഏറെയായിരുന്നു. 1965 മുതല്‍ ഒരിക്കല്‍ പോലും തോല്‍വിക്ക് വിട്ട് കൊടുക്കാതെ 13 തവണയാണ് പാലാക്കാര്‍ കെഎം മാണിയെ വിജയിപ്പിച്ചത്. ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗം , ഒരേ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ വിജയം, 13 തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, ഏറ്റവും കൂടുതല്‍ വര്‍ഷം മന്ത്രിയായ വ്യക്തി എന്നിങ്ങനെ കെഎം മാണിക്കൊപ്പം പല റെക്കോര്‍ഡുകളും കൂടെ പോന്നു.
കര്‍ഷക തൊഴിലാളി പെൻഷൻ മുതല്‍ കാരുണ്യ ലോട്ടറി വരെ കെഎം മാണിയുടെ ജനപ്രിയ പദ്ധതികളായിരുന്നു. പിളരും തോറും വളരുന്ന പാര്‍ട്ടിയെന്ന വിശേഷമാണ് കേരള കോണ്‍ഗ്രസിന് കെഎം മാണി നല്‍കിയിരുന്നത്. 1977 മുതല്‍ തുടങ്ങിയ പിളര്‍പ്പുകളില്‍ ഭൂരിപക്ഷം പേരെ ഒപ്പം നിര്‍ത്താൻ എപ്പോഴും കെഎം മാണിക്ക് കഴിഞ്ഞു.
പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രസക്തിയും വിലപേശല്‍ ശേഷിയും ബോധ്യമുള്ള നേതാവായിരുന്നു മാണി. രാഷ്ട്രീയ ജീവിതത്തില്‍ നിരവധി വിവാദങ്ങളും മാണിക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ അതൊക്ക തരണം ചെയ്ത് എന്നും അണികള്‍ക്കിടയിൽ കരുത്തനായി നിന്നു. കെഎം മാണിക്ക് മുൻപും പിൻപും എന്ന് കേരളാ രാഷ്ട്രീയവും കേരളാ കോണ്‍ഗ്രസ് ചരിത്രവും മാറ്റിയെഴുതപ്പെട്ടു. കെഎം മാണിയുടെ മരണ ശേഷം പാല ആദ്യമായി പാര്‍ട്ടിക്ക് നഷ്ടമായി. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയും പിളര്‍ന്ന് രണ്ട് വഴിക്കായി.