കോന്നി : സൗരോർജ്ജ വൈദ്യുതി ഉല്പാദനം വർദ്ധിപ്പിക്കുന്നതിനായി കോന്നി നിയോജക മണ്ഡലത്തിലെ സർക്കാർ- അർദ്ധ സർക്കാർ -സ്വകാര്യ സ്ഥാപനങ്ങളുടെയും വീടുകളുടെയും മേൽക്കൂര പരമാധി ഉപയോഗപ്പെടുത്തുന്ന നിലയിൽ കെ.എസ്.ഇ.ബി പദ്ധതികൾ നടപ്പിലാക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. പുരപ്പുറ സൗരോർജ്ജ ഉല്പാദന പദ്ധതിയായ സൗര ഒന്നാം ഘട്ടത്തിൻ്റെ ഉദ്ഘാടനം മലയാലപ്പുഴ മുസലിയാർ ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു. എം എൽ എ.
പൂർണ്ണമായും കെ.എസ്.ഇ.ബി പണം മുടക്കിയാണ് മുസലിയാർ കോളേജിൻ്റെ മേൽക്കൂരയിൽ 30 കിലോവാട്ട് ശേഷിയുള്ള സൗരോർജ്ജ പദ്ധതി നടപ്പിലാക്കിയത്. 12.3 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. പ്രതിവർഷം 3.5 ലക്ഷം യൂണിറ്റിലധികം വൈദ്യുതി ഉല്പാദിപ്പിച്ച് ഗ്രിഡിലേക്ക് നല്കും. പത്ത് ശതമാനം വൈദ്യുതി സ്ഥാപനത്തിന് സൗജന്യമായി നല്കും. ടാറ്റാ പവറാണ് കരാറെടുത്ത് പദ്ധതി നടപ്പിലാക്കിയത്.
ഊർജ്ജ കേരള മിഷനിലൂടെ 100 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് എം.എൽ.എ പറഞ്ഞു. സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ സ്ഥലം മാതൃകാപരമായ ഈ പദ്ധതിക്കായി മാറ്റി വെച്ചാൽ വൈദ്യുതി ഉദ്പാദനം വലിയ തോതിൽ വർദ്ധിപ്പിക്കാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു. ഇതിനായി ബന്ധപ്പെട്ടവരുടെ യോഗം നിയോജക മണ്ഡലാടിസ്ഥാനത്തിൽ ഉടൻ വിളിച്ചു ചേർക്കും.
സൗര പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ വീടുകളുടെ മേൽക്കൂരയിൽ ഉടമസ്ഥർക്ക് സബ്സിഡി നിരക്കിൽ പദ്ധതി നടപ്പിലാക്കാം. 40 ശതമാനം തുക സബ്സിഡിയായി ലഭിക്കും. ഉല്പാദിപ്പിക്കുന്ന വൈദ്യുതി പൂർണ്ണമായും ഉപഭോക്താവിന് ഉപയോഗിക്കാവുന്നതും അധിക വൈദ്യുതി കെ.എസ്.ഇ.ബി വില നല്കി വാങ്ങുന്നതുമാണ്. 25 വർഷം ഗ്യാരണ്ടി സോളാർ പാനലിന് ലഭിക്കും. 5 വർഷം കെ.എസ്.ഇ.ബി മെയിൻ്റനൻസ് ചുമതല നിർവ്വഹിക്കും. ഒന്നര ലക്ഷം രൂപയിൽ താഴെ മാത്രം മുതൽ മുടക്കേണ്ടി വരുന്ന പദ്ധതിയിലേക്ക് വീട്ടുടമകൾക്ക് 1912 എന്ന ടോൾ ഫ്രീ നമ്പരിൽ വിളിച്ച് വിശദാംശം മനസ്സിലാക്കി രജിസ്റ്റർ ചെയ്യാൻ കഴിയും.
കോന്നി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് അടക്കം സൗരോർജ്ജ വൈദ്യുതിയിലേക്ക് മാറാനുള്ള പദ്ധതി തയ്യാറാക്കി വരികയാണെന്നും എം.എൽ.എ പറഞ്ഞു. പ്രകൃതിക്കിണങ്ങുന്ന സോളാർ പദ്ധതികൾ നടപ്പിലാക്കാൻ എല്ലാ പിൻതുണയും നല്കുമെന്നും എം.എൽ.എ പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സ്വിച്ച് ഓൺ കർമ്മം നടന്നത്. ചടങ്ങിൽ മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാകുമാരി ചാങ്ങയിൽ,
പത്തനംതിട്ട ഇലക്ടിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ആർ.ബിജുരാജ്, സൗര അസി.എഞ്ചിനീയർ എസ്. ശ്രീനാഥ്, മുസലിയാർ കോളേജ് ഡയറക്ടർ ഹബീബ്, പ്രിൻസിപ്പൽ പ്രൊഫ.ഡോ: വിൽസൺ കോശി എന്നിവർ പങ്കെടുത്തു.