തിരുവനന്തപുരം : കോവിഡ് ആദ്യതരംഗ കാലയളവിൽ ഗാർഹികപീഡനത്തിന് ഇരയായത് 3818 സ്ത്രീകളെന്ന് സാമൂഹികക്ഷേമ ബോർഡിന്റെ റിപ്പോർട്ട്. ഗാർഹികപീഡനം 4338 കുട്ടികളെ മാനസികമായും ശാരീരികമായും ബാധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
കുടുംബാന്തരീക്ഷം കൂടുതൽ മോശമാക്കിയതും ഗാർഹികപീഡനത്തിലേക്ക് വഴിവെച്ചതും ലഹരിയുടെയും മൊബൈൽ ഫോൺ, സാമൂഹിക മാധ്യമങ്ങൾ എന്നിവയുടെ ദുരുപയോഗം മൂലവുമാണ്. സ്ത്രീധന വിഷയത്തിൽ 803 പേർ സംസ്ഥാനത്ത് ഇക്കാലയളവിൽ പീഡനത്തിനിരയായി.
ബോർഡിനുകീഴിൽ 14 ജില്ലകളിലുമായുള്ള 82 സർവീസ് പ്രൊവൈഡിങ് സെന്ററുകളിൽ (എസ്.പി.സി.) 2020 ഏപ്രിൽ ഒന്നിനും 2021 മാർച്ച് 31-നും ഇടയിൽ ലഭിച്ച കേസുകളാണിവ. സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ, വനിതാ കമ്മിഷൻ, സ്വകാര്യ പരാതികൾ എന്നിവ കൂടാതെയുള്ളതാണിത്.