ഇരവിപേരൂർ : ഇരവിപേരൂരില്‍ മത്സ്യകൃഷി അടുത്ത ഘട്ടത്തിലേക്ക്. ഇരവിപേരൂരിലെ അഞ്ചു പാടങ്ങള്‍ അഞ്ചു വര്‍ഷത്തേക്ക് പാട്ടത്തിനെടുത്താണ് എസ്ആര്‍ മത്സ്യകര്‍ഷക കൂട്ടായ്മ തുടക്കമെന്നോണം വരാല് കൃഷി നടത്തിയത്. എട്ടുമാസം കൊണ്ട് വിളവെടുപ്പ് പൂര്‍ണമായി. കര്‍ഷകനായ ഷാജി കെ. ജേക്കബിന്റെ നേതൃത്വത്തിലാണ് വരാലുകള്‍ ജലാശയത്തിലേക്ക് വിത്തുകളായി എത്തിയത്. ശുദ്ധജല മത്സ്യമാണിത്. മുപ്പതേക്കറോളം വരുന്ന പാടശേഖരത്തിന്റെ നടുവിലായുള്ള ചെമ്പുകചാലിലാണ് വരാല്‍കൃഷിയുടെ തുടക്കം. ചുറ്റും മുളനാട്ടി ടാര്‍പോളിന്‍ കെട്ടിയാണ് കൃഷി സംരക്ഷിക്കുന്നത്. 11 വലക്കൂടുകള്‍ കെട്ടിത്തിരിച്ചു 15000 വരാല് കുഞ്ഞുങ്ങളെയാണ് ആദ്യഘട്ടത്തില്‍ നിക്ഷേപിച്ചത്.
മത്സ്യങ്ങള്‍ പുറത്തേക്ക് ചാടാതിരിക്കാനും പക്ഷികളില്‍നിന്നു സംരക്ഷണം നല്കുന്നതിനുമായി ചാലിന്റെ മുകളിലും വല വിരിച്ചിട്ടുണ്ട്. ഒരു വലക്കൂടിനു 27 അടി നീളവും 14 അടി വീതിയും ജലനിരപ്പില്‍നിന്ന് 12 അടിയോളം ഉയരവുമാണുള്ളത്. ഗുണഭോക്താക്കളെ ഗ്രൂപ്പാക്കി മാറ്റി പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ച മുറയ്ക്കാണ് കൃഷിക്ക് ആവശ്യമായ സഹായം ഫിഷറീസ് വകുപ്പ് നല്‍കിയത്. ഒരു ഹെക്ടര്‍ സ്ഥലത്ത് 15 ലക്ഷം രൂപയാണ് യൂണിറ്റ് ചെലവ്. പഞ്ചായത്തില്‍ രണ്ടര ഹെക്ടര്‍ സ്ഥലത്തിലെ കൃഷിയിലേക്ക് 18 ലക്ഷം രൂപയാണ് മത്സ്യബന്ധന വകുപ്പ് നല്‍കിയതെന്ന് ജില്ലാ ഫിഷറീസ് ഓഫീസര്‍ ഡോ. പി. എസ്. അനിത പറഞ്ഞു.