കോഴഞ്ചേരി : നദികള്‍, പൊതുജലാശയങ്ങള്‍ എന്നിവയിലെ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിനും അതിലൂടെ ഉള്‍നാടന്‍ മത്സ്യോല്പാദന വര്‍ധനയ്ക്കുമായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഓപ്പണ്‍ വാട്ടര്‍ റാഞ്ചിംഗ് പദ്ധതി 2021-22 പദ്ധതിയുടെ ഭാഗമായി ആറന്മുള ഗ്രാമ പഞ്ചായത്തിലെ സത്രക്കടവില്‍ മത്സ്യവിത്ത് നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരനാണ് മത്സ്യങ്ങളെ നിക്ഷേപിച്ചത്.
വിവിധ ഇനങ്ങളില്‍പ്പെട്ട നാലു ലക്ഷം കാര്‍പ്പ് മത്സ്യവിത്തുകള്‍ നദിയില്‍ നിക്ഷേപിച്ചു. ചടങ്ങില്‍ പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആറന്മുള ഡിവിഷന്‍ മെമ്പര്‍ അജയകുമാര്‍, ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീജ, പന്തളം ബ്ലോക്ക് ആറന്മുള ഡിവിഷന്‍ മെമ്പര്‍ അനില എസ്. നായര്‍, റ്റോജി, ആറന്മുള ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ പ്രസാദ് വേരുങ്കല്‍, ജില്ലാ ഡിവിഷന്‍ മെമ്പര്‍ കോഴഞ്ചേരി സാറാ തോമസ്, പത്തനംതിട്ട മത്സ്യഭവന്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വി.സിന്ധു, ഫിഷറീസ് ഉദ്യോഗസ്ഥര്‍, അക്വാകള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാര്‍, മത്സ്യകര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.