കോന്നി : സംസ്ഥാനത്ത് മത്സ്യ കൃഷി വ്യാപകമാക്കുകയും ഇതിലൂടെ വലിയ ലാഭം സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഫിഷറീസ് – സാംസ്കാരിക – യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. 1.78 കോടി രൂപ മുതൽ മുടക്കിൽ കൂടലിൽ നിർമ്മിക്കുന്ന ആധുനിക മത്സ്യ ചന്തയുടെ നിർമ്മാണോത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചെറിയ മുതൽ മുടക്കിൽ ഏറ്റവും കൂടുതൽ ലാഭകരമായി ചെയ്യാവുന്ന കൃഷിയാണ് മത്സ്യകൃഷി. ഇതിനായി കോടിക്കണക്കിന് രൂപയാണ് സർക്കാർ മാറ്റിവെച്ചിരിക്കുന്നത്. തീരദേശങ്ങളിൽ മാത്രമല്ല അല്ലാത്ത സ്ഥലങ്ങളിലും മത്സ്യ കൃഷി വ്യാപകമാക്കും.
ഗുജറാത്ത് കഴിഞ്ഞാൽ ഏറ്റവും വലിയ തീരദേശമുള്ളത് കേരളത്തിൽ ആണ്. ഏതാണ്ട് 610 കിലോമീറ്റർ ദൂരം കടൽ വ്യാപിച്ചുകിടപ്പുണ്ട്. ലോകത്തിലെ മാറ്റങ്ങൾ കേരളത്തിലും ഉൾക്കൊണ്ടു. ഗ്യാസ് ലൈൻ പദ്ധതി വന്നപ്പോൾ ചിലർ അതിനെ എതിർത്തെങ്കിലും അത് വലിയ വിജകരമാക്കാൻ കേരളത്തിന് കഴിഞ്ഞു. നിരവധി ഫിഷ് സ്റ്റാളുകൾ ആണ് കേരളത്തിൽ തുറന്നിട്ടുള്ളത്. കിഫ്‌ബി വഴി 145 കോടി മുതൽ മുടക്കി 65 ഫിഷ് മാർക്കറ്റുകൾ ആരംഭിക്കുവാൻ അംഗീകാരം നേടിയിട്ടുണ്ട്. പിണറായി സർക്കാർ വരുന്നതിന് മുൻപ് കേരളത്തിലെ വികസന പ്രവർത്തനങ്ങളെ ചിലർ പിന്നോട്ടടിച്ചിരുന്നു. കേരളത്തിലെ സ്‌കൂളുകൾ ഇപ്പോൾ ഹൈടെക് ആയി. ഇന്ത്യയിലെ വികസിത സംസ്ഥാനങ്ങളിൽ ഒന്നാമതാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു.
തീരദേശ വികസന കോർപറേഷൻ മാനേജിങ് ഡയറക്റ്റർ പി ഐ ഷേയ്ക്പരീത് ഐ എ എസ് റിപ്പോർട്ട് അവതരിപ്പിച്ചു. കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ തുളസീധരൻ പിള്ള, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി മണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി വി ജയകുമാർ, സുജ അനിൽ, കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷാൻ ഹുസ്സൈൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആശ സജി, സി പി ഐ കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ, സി പി ഐ കൂടൽ ലോക്കൽ സെക്രട്ടറി രാജൻ ഉണ്ണിത്താൻ, കേരള കോൺഗ്രസ് (ബി) പ്രതിനിധി കെ ജി രാമചന്ദ്രൻ പിള്ള, കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മൈക്കിൾ തുടങ്ങിയവർ സംസാരിച്ചു.