രാമേശ്വരം : മത്സ്യത്തൊഴിലാളികളുടെ അറസ്റ്റ് വിവരം പുറത്തറിഞ്ഞതോടെ രാമേശ്വരത്ത് സമരം തുടങ്ങി. ജയിലിലായവരുടെ ബന്ധുക്കളും നാട്ടുകാരും രാമേശ്വരം–രാമനാഥപുരം റോഡ് മണിക്കൂറുകള്‍ ഉപരോധിച്ചു. കഴിഞ്ഞ ദിവസം മുതല്‍ ഹാര്‍ബര്‍ അടച്ചിട്ടിരിക്കുകയാണ്. മല്‍സ്യത്തൊഴിലാളികളെ വിട്ടയക്കുന്നതു വരെ കടലില്‍പോകില്ലെന്നാണ് മുന്നറിയിപ്പ്.
ശനിയാഴ്ച 500 ബോട്ടുകളാണു രാമേശ്വരത്തും സമീപ ഹാര്‍ബറുകളില്‍ നിന്നും കടലില്‍ പോയത്. ഇതില്‍ 70 ബോട്ടുകള്‍ ശ്രീലങ്കന്‍ കസ്റ്റഡിയിലാണ്. 8 ബോട്ടുകളിലുള്ളവരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്. അതിനിടെ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് തമിഴ്നാട് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറെ ഫോണില്‍ വിളിച്ചാണു സഹായം ആവശ്യപ്പെട്ടത്. തടവിലായവരെ ക്രിസ്മസിനു മുന്‍പായി മോചിപ്പിച്ചില്ലെങ്കില്‍ രാമേശ്വരത്തു വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കുമെന്ന ആശങ്കയിലാണ് തമിഴ്നാട് സര്‍ക്കാർ.