തിരുവനന്തപുരം: ലോക്ഡൗണില്‍ മത്സ്യബന്ധന തുറമുഖങ്ങള്‍ അടച്ചതോടെ പ്രതിസന്ധിയിലായി തീരദേശ മേഖല. വരും ദിവസങ്ങളില്‍ വിപണിയില്‍ മീന്‍ ക്ഷാമം ഉണ്ടാകാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ ട്രോളിങ്ങ് നിരോധന കാലയളവ് ചുരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
അയല, മത്തി തുടങ്ങി സാധാരണക്കാരുടെ ഇഷ്ട മത്സ്യങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. ഇതിനിടെയാണ് കോവിഡ് വ്യാപനവും തുടര്‍ന്നുള്ള ലോക്ഡൗണും. ലോക്ഡൗണില്‍ തുറമുഖങ്ങള്‍ അടച്ചതോടെ മത്സ്യബന്ധന മേഖല സ്തംഭിച്ചു. ഈ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്നറിയാതെ ആശങ്കയിലാണ് തൊഴിലാളികള്‍. മീന്‍ കുറഞ്ഞതോടെ തൊഴിലാളികളുടെ വരുമാനവും കാര്യമായി കുറഞ്ഞു. മിക്കവരും വായ്പയെടുത്താണ് ബോട്ടും വള്ളവുമെല്ലാം വാങ്ങിയിരിക്കുന്നത്. തിരിച്ചടവിന് പോലും വകയില്ലാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍. അനുബന്ധ മേഖലയിലുള്ളവരുടെ സ്ഥിതിയും വ്യത്യസ്തമല്ല.