കൊല്ലം : ഹാര്‍ബറില്‍നിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെ ബോട്ടിടിച്ച് മീന്‍പിടിത്തവള്ളം മറിഞ്ഞു. പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. മൂതാക്കരയില്‍നിന്നു കടലില്‍പോയ താങ്ക് യു ജീസസ് എന്ന വള്ളമാണ് സമീപത്തുകൂടി പോയ ബീമാമോള്‍ എന്ന ബോട്ടിടിച്ച് മറിഞ്ഞത്. വലയെറിഞ്ഞശേഷം തൊഴിലാളികള്‍ വള്ളത്തില്‍ ഇരിക്കക്കുമ്പോഴായിരുന്നു അപകടം. വള്ളംമറിഞ്ഞ് തൊഴിലാളികളായ ആന്റണി, അരുള്‍ ദാസ്, ജന്നിഫര്‍, ഇസഹാക്ക്, തോമസ് എന്നിവര്‍ കടലില്‍വീണു.
വീഴ്ചയ്ക്കിടെ വലയില്‍ കുരുങ്ങിയതോടെ വെള്ളംകുടിച്ച് അവശനായ ആന്റണിയെ കോസ്റ്റല്‍ പോലീസ് എത്തിയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു വള്ളത്തിലെ തൊഴിലാളികളാണ് അപകടവിവരം കോസ്റ്റല്‍ പോലീസിനെ അറിയിച്ചത്. ആന്റണിയെ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം വിട്ടയച്ചു. മറ്റു തൊഴിലാളികളെ സമീപത്തുണ്ടായിരുന്ന വള്ളങ്ങളിലും കരയ്ക്കെത്തിച്ചു. അപകടമുണ്ടാക്കിയ ബോട്ട് നിര്‍ത്താതെ പോയതായും തൊഴിലാളികള്‍ പറയുന്നു.