കാസര്‍കോട് : മത്സ്യ ബന്ധനത്തിടെ ശക്തമായ തിരമാലയില്‍പെട്ട് പ്രൊപ്പെല്ലറില്‍ വലകുരുങ്ങി നിയന്ത്രണം വിട്ട ബോട്ട് കരയിലേക്കു ഇടിച്ചു കയറി. നീലമംഗലം തുളസിദളം എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. നീലേശ്വരം അഴിത്തല പുലിമുട്ടിനു വടക്കുവശത്ത് കരയോടു ചേര്‍ന്നു മത്സ്യ ബന്ധനത്തിടെയാണ് സംഭവം. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കരയില്‍നിന്ന് നാലു നോട്ടിക്കല്‍ മൈലിനു ശേഷം മാത്രമേ ചെറുബോട്ടുകള്‍ മത്സ്യബന്ധനം നടത്താന്‍ പാടുള്ളൂ. ഈ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണിവിടെ ബോട്ടുകള്‍ ചെറുമീനുകളെയടക്കം പിടിക്കുന്നത്. ഇതുമൂലം ചെറുയാനങ്ങളില്‍ മീന്‍ പിടിക്കുന്നവര്‍ വെറുംകൈയോടെ മടങ്ങേണ്ടുന്ന അവസ്ഥയിലാണെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു. ബോട്ടുകള്‍ രാവിലെ ആറു മണിക്കു ശേഷം മാത്രമേ മത്സ്യബന്ധനത്തിനിറങ്ങാവു എന്ന അധികൃതരുടെ തീരുമാനം അപകടത്തില്‍പ്പെട്ട ബോട്ട് ലംഘിച്ചതായും പറയുന്നു.