ബേപ്പൂര്‍: സംസ്ഥാനത്തെ മത്സ്യബന്ധന നൗകകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കുന്നതിന് ഫിഷറീസ് വകുപ്പ് നടപടി ആരംഭിച്ചു. നൗകകള്‍ക്കും ഉപകരണങ്ങള്‍ക്കും ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ഇനിമുതല്‍ നഷ്ടപരിഹാരം ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമല്ലാതെ അനുവദിക്കില്ല. കേരളത്തിലെ ഒമ്പത് മത്സ്യബന്ധന-തീരദേശ ജില്ലകളിലേക്കും ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഫിഷറീസ് വകുപ്പ് അയച്ചുകഴിഞ്ഞു.
മീന്‍പിടിത്ത നൗകകളും എന്‍ജിനും പ്രീമിയം അടച്ച് ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള പദ്ധതിയായ ‘മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതി’ ഫിഷറീസ് വകുപ്പ് 2018 മുതല്‍ നടപ്പാക്കി വരുന്നുണ്ട്. പ്രീമിയം തുകയില്‍ ഗുണഭോക്തൃവിഹിതം 10 ശതമാനവും സര്‍ക്കാര്‍ വിഹിതം 90 ശതമാനവുമാണ്. നൗക ഉടമകള്‍, ഇപ്രകാരം വരുന്ന തുക അടച്ച് പദ്ധതിയില്‍ അംഗമാകാതിരിക്കുകയും, ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതിയെ കാര്യമാക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.
പ്രകൃതിക്ഷോഭങ്ങളിലും അപകടങ്ങളിലുംപെട്ട് മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെടുമ്ബോള്‍ നഷ്ടപരിഹാര തുകക്കുള്ള ശിപാര്‍ശകളും സമ്മര്‍ദങ്ങളും സര്‍ക്കാറിന് വലിയതോതില്‍ അധികബാധ്യത ഉണ്ടാക്കുന്നതായാണ് വിലയിരുത്തല്‍.
ഇതു മുന്‍നിര്‍ത്തിയാണ് മത്സ്യ ഉപകരണങ്ങള്‍ക്കുണ്ടാകുന്ന നഷ്ടപരിഹാരം മേലില്‍ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമല്ലാതെ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിക്കിറയത്. സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന മത്സ്യബന്ധന നൗകകളുടെ ഇന്‍ഷുറന്‍സ് പദ്ധതി നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കുന്നതിനെ മത്സ്യത്തൊഴിലാളി സംയുക്ത സംഘടനകളും അംഗീകരിക്കുന്നില്ല.
ഇപ്പോള്‍ നിര്‍ബന്ധമാക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ വലയും തൊഴിലാളികളും ഉള്‍പ്പെടുന്നില്ല. തൊഴിലാളികളെ പ്രത്യേകം ഇന്‍ഷുറന്‍സ് ചെയ്യണം. നൗകകള്‍ക്കും തൊഴില്‍ ഉപകരണങ്ങള്‍ക്കും നിര്‍ബന്ധിത ഇന്‍ഷുറന്‍സ് നടപ്പാക്കുന്നതിന്റെ ബാധ്യത പൂര്‍ണമായും സര്‍ക്കാര്‍തന്നെ ഏറ്റെടുക്കണമെന്നാണ് മീന്‍പിടിത്തക്കാര്‍ ആവശ്യപ്പെടുന്നത്.