തിരുവനന്തപുരം: സംസ്ഥാനത്തെ 46 തദ്ദേശ സ്ഥാപനങ്ങളിൽ തദ്ദേശ വകുപ്പിന്റെ ഇന്റേണൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് 5 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. തിരുവനന്തപുരം കോർപറേഷനിലെ നേമം സോണൽ ഓഫിസിലെ രണ്ട് ഓവർസിയർമാർ, നേമം ഓഫിസിലെ തന്നെ അസി. എക്സിക്യൂട്ടീവ് എൻജിനീയർ, പാലക്കാട് നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസർ, തിരുവനന്തപുരം കല്ലിയൂർ പഞ്ചായത്തിലെ ഹെഡ് ക്ലർക്ക് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
ജൂൺ 6നു നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണു സസ്പെൻഷൻ എന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. ജീവനക്കാരുടെ ഹാജർനില, കെട്ടിടനിർമാണ അനുമതി, കെട്ടിട നമ്പർ സംബന്ധിച്ച അപേക്ഷകളിലെ കാലതാമസം, പൊതുജനത്തിനു ലഭിക്കേണ്ട സേവന അപേക്ഷകളിൽ തീരുമാനം വൈകുന്നത് എന്നിവയിലാണു പരിശോധന നടന്നതെന്ന് മന്ത്രി വ്യക്തമാക്കി. പരിശോധന നടന്ന സ്ഥാപനങ്ങളിൽ കെട്ടിടനിർമാണ പെർമിറ്റും ഒക്യൂപൻസിയും നൽകുന്നതിൽ ചട്ടലംഘനങ്ങളും കാലതാമസവും കണ്ടെത്തി.