തൊടുപുഴ : എക്‌സൈസ് സംഘം തൊടുപുഴയിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി അഞ്ച് പേരെ പിടികൂടി. വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ച് കേസുകളിലായാണ് വിദ്യാർത്ഥികളടക്കം അഞ്ചുപേരെ കസ്റ്റഡിയിലെടുത്തത്. കുമാരമംഗലത്ത് നടത്തിയ പരിശോധനയിൽ മൂവാറ്റുപുഴ ഏനാനല്ലൂർ പീടിയേക്കൽ ശരത് (19), ശാസ്താംപാറയിൽ നടത്തിയ പരിശോധനയിൽ പ്രദേശവാസിയായ നടുവത്ത് സെയ്ത് മുഹമ്മദ് (26), മഠത്തിക്കണ്ടം ഭാഗത്ത് നടത്തിയ പരിശോധനയിൽ പ്രദേശവാസി പുതിയകുന്നേൽ മുഹമ്മദ് ആദിൽ (18), പെട്ടേനാട് മുത്താരംകുന്ന് ഭാഗത്ത് നടത്തിയ പരിശോധനയിൽ മൂവാറ്റുപുഴ മുല്ലപ്പുഴച്ചാൽ കുളപ്പുറത്ത് അഭിജിത് (19), പെട്ടേനാട് ഭാഗത്തു നടത്തിയ പരിശോധനയിൽ കല്ലൂർക്കാട് പാലത്തിങ്കൾ അമൽ ജോയ് (20) എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയത്.
റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിക്കപ്പെട്ടവരിൽ സെയ്ത് മുഹമ്മദൊഴികെ ബാക്കിയെല്ലാവരും കോളജ് വിദ്യാർത്ഥികളാണ്. ഈ മാസം ഇതുവരെ ഒമ്പത് മയക്കുമരുന്ന് കേസുകളാണ് തൊടുപുഴ റേഞ്ചിൽ മാത്രം രജിസ്റ്റർ ചെയ്തിരിക്കുന്നത്. തുടർന്നും മയക്കുമരുന്ന് വിൽപ്പനക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് എക്‌സൈസ് അധികൃതർ വ്യക്തമാക്കി.