മുതുകുളം : ആറാട്ടുപുഴ തറയിൽക്കടവ്-വലിയഴീക്കൽ മഹാദേവക്ഷേത്രത്തിൽ ശിവരാത്രി ആറാട്ടുത്സവത്തിന് കൊടിയേറി. തിങ്കളാഴ്ച രാത്രി ഏഴിനും എട്ടിനും മധ്യേ തന്ത്രി ഞാറയ്ക്കൽ സുകുമാരൻ, മേൽശാന്തി കെ.യു. വിനോദ് എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റിയത്. വ്യാഴാഴ്ച രാത്രി എട്ടിന് കാക്കാരിശ്ശി നാടകം. വെള്ളിയാഴ്ച രാത്രി ഏഴിന് പൂമൂടൽ, എട്ടിന് ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങിന്റെ നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും. ശനിയാഴ്ച വൈകിട്ട് 6.45-നു ശിവഭദ്രദീപവും സർവൈശ്വര്യപൂജയും. ചെറുകോൽ ശുഭാനന്ദാശ്രമം ആത്മബോധോദയ സംഘം സെക്രട്ടറി സ്വാമി ഗീതാനന്ദൻ ദീപം തെളിക്കും. രാത്രി എട്ടിന് ആലപ്പുഴ കല്യാൺ സൂപ്പർ ബീറ്റ്സിന്റെ ഗാനമേള.
ഞായറാഴ്ച രാവിലെ 10-ന് സൗജന്യ നേത്രപരിശോധനാ ക്യാമ്പ്. ഉച്ചയ്ക്ക് 12-ന് അന്നദാനം, രാത്രി എട്ടിന് കൊച്ചി ഡാസ്‌ലേഴ്‌സിന്റെ ഗാനമേള. 24-നു വൈകിട്ട് മൂന്നിന് സർപ്പബലി, രാത്രി എട്ടിന് മൂവാറ്റുപുഴ ഏയ്ഞ്ചൽ വോയ്സ് അവതരിപ്പിക്കുന്ന ഗാനമേള. 25-നു രാവിലെ 8.30-നു ഭക്തിഗാനമേള, 10.30-നു മീനൂട്ട്. ശാന്തിഗിരി ആശ്രമം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വിശിഷ്ടാതിഥിയാകും. 12-ന് അന്നദാനം, വൈകുന്നേരം 5.30-നു കാഴ്ചശ്രീബലി, 7.30-നു ദേശതാലം, ഒൻപതിന് പള്ളിവേട്ട എന്നിവയുണ്ട്. ശിവരാത്രി ദിവസമായ 26-നു വൈകിട്ട് 3.30-ന് പകൽക്കാഴ്ച. രാത്രി ഒൻപതിന് ആറാട്ട്. തുടർന്ന് ആറാട്ടെഴുന്നള്ളത്ത് എന്നിവയുമുണ്ട്.