അമ്പലപ്പുഴ : ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ പത്തുനാൾ നീളുന്ന ഉത്സവത്തിന് ഞായറാഴ്ച രാവിലെ 10.38-നും 11.26-നും മധ്യേ കൊടിയേറും. കൊടിയേറ്റിനു മുൻപായുള്ള ശുദ്ധിക്രിയകൾ വ്യാഴാഴ്ച വൈകുന്നേരം ദീപാരാധനയ്ക്കുശേഷം തുടങ്ങി. കൊടിക്കയർസമർപ്പണം ശനിയാഴ്ച നടക്കും. മൂന്നുദിവസമാണ് ശുദ്ധിക്രിയകൾ. ഒന്നാംദിവസം സ്ഥലശുദ്ധി, പ്രാസാദശുദ്ധി, പ്രാസാദപൂജ, രാക്ഷോഘ്‌നഹോമം, വാസ്തുഹോമം, വാസ്തുബലി, രക്ഷോകലശപൂജ എന്നിവയും രണ്ടാംദിവസം ധാര, പഞ്ചഗവ്യം എന്നിവയും മൂന്നാംദിവസം 25 കലശവും ശ്രീഭൂതബലിയും നടക്കും.
കൊടിയേറ്റിനു തലേന്നാൾ ക്ഷേത്രനടകൾ അടച്ചുകഴിഞ്ഞാൽ ഭട്ടതിരിപ്പാടിനെ ക്ഷണിച്ചുകൊണ്ടുവന്ന് കൽപ്പനപറയൽ എന്ന ചടങ്ങു നടക്കും. ശനിയാഴ്ച വൈകുന്നേരം 4.30-ന് പുറക്കാട് അഴിക്കകത്ത് കുടുംബത്തിൽനിന്ന് സജീവൻ ശാന്തിയുടെ നേതൃത്വത്തിൽ ആചാരാനുഷ്ഠാനപൂജയോടെ കൊടിക്കയർസമർപ്പണ ഘോഷയാത്ര പുറപ്പെടും. അത്താഴപൂജയ്ക്കു മുൻപായി അഴിക്കകത്തു കുടുംബപ്രതിനിധി ശ്രീകുമാർ മോഹൻ കൊടിക്കയർ തിരുനടയിൽ സമർപ്പിക്കും. 25-നു വൈകുന്നേരം ആറാട്ടോടെയാണ് ഉത്സവം സമാപിക്കുന്നത്. 24-ന് ഉച്ചയ്ക്കാണ് അമ്പലപ്പുഴ നാടകശാലസദ്യ.