ഡൽഹി: ഹിമാചല്‍ പ്രദേശിലെ സോളനില്‍ ഉരുള്‍പൊട്ടല്‍. സോളനിലും ഹാമില്‍പ്പൂരിലുമായി രണ്ടു മരണം. പത്ത് വീടുകള്‍ ഒലിച്ചുപോയി, മാണ്ഡി ബാഗിപുല്‍ മേഖലയില്‍ ജലനിരപ്പ് ഉയര്‍ന്നു. വിനോദസഞ്ചാരികളും നാട്ടുകാരും ഉള്‍പ്പെടെ ഇരുന്നൂറിലധികംപേര്‍ കുടുങ്ങിക്കിടക്കുന്നു. അസം അടക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതിയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയും തുടരുന്നു. 10 ട്രെയിനുകള്‍ റദ്ദാക്കി. അതേസമയം തുടർച്ചയായി രണ്ടാം ദിവസവും പെയ്ത കനത്ത മഴയിൽ മുംബൈയിൽ വ്യാപക നാശനഷ്ടം.
അന്ധേരിയിൽ കെട്ടിടത്തിന്റെ ബാൽക്കണി തകർന്നുവീണ് രണ്ടു മുതിർന്ന പൗരൻമാർ മരിച്ചു. അഞ്ചു പേർക്കു പരുക്കേറ്റു. ഘാട്കോപ്പറിൽ മൂന്നുനില കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നുവീണ് രണ്ടു പേർക്കു പരുക്കേറ്റു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ രാത്രി വൈകിയും തുടരുകയാണ്. താനെയിൽ ഹോട്ടലിന്റെ മേൽക്കൂര തകർന്ന് രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർക്കു പരുക്കേറ്റു. ശുചീകരണ ജോലിക്കിടെ ആൾനൂഴിയിൽ വീണ്ട് ശനിയാഴ്ച രണ്ടു പേർ മരിച്ചിരുന്നു.