തിരുവനന്തപുരം: ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ ഹീര കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമ അബ്ദുൾ ഷീദ് എന്ന ഹീര ബാബുവിനെ (64) പോലീസ് അറസ്റ്റ് ചെയ്തു. മ്യൂസിയം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആല്‍ത്തറ ജംഗ്ഷനു സമീപം നിര്‍മിച്ച ഫ്ലാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് നിലവിലെ അറസ്റ്റ്. ബാബുവിനെതിരെ അഞ്ച് പരാതികളാണ് മ്യൂസിയം പോലീസിന് ലഭിച്ചിട്ടുള്ളത്. അതില്‍ വഴുതക്കാട് സ്വദേശിനിയും കഴിഞ്ഞതവണ നഗരസഭയിലേക്കു മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി വി.ടി. രമയുടെ പരാതിയിലാണ് അറസ്റ്റ്. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ബാബുവിനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രമയ്ക്ക് നല്‍കിയ ഫ്ലാറ്റ് ഹീര ബാബു ബാങ്കില്‍ പണയപ്പെടുത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ജപ്തി നോട്ടീസ് വന്നപ്പോഴാണ് ഫ്ലാറ്റ് പണയപ്പെടുത്തി ബാങ്കില്‍ നിന്നും വായ്പയെടുത്ത വിവരം ഉടമ അറിയുന്നത്.
4 ലക്ഷം രൂപയാണ് ബാബു വായ്പയെടുത്തത്. ഇക്കാര്യം മറച്ചുവച്ചാണ് ഫ്ലാറ്റ് രമയ്ക്കു വിറ്റത്. ഈ സമയം ഫ്ലാറ്റിന്റെ രേഖകളൊന്നും ഉടമയ്ക്ക് നല്‍കിയില്ല. നിരവധി തവണ ഇത് ആവശ്യപ്പെട്ടെങ്കിലും ഉടന്‍ നല്‍കാമെന്നായിരുന്നു മറുപടി. അതിനിടയിലാണ് ബാങ്കില്‍ നിന്നും ജപ്തി നടപടി വന്നത്. ഈ സമയത്താണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം രമ അറിയുന്നത്. നിരവധി തവണ ജപ്തി നടപടികള്‍ ഒഴിവാക്കി ഫ്ലാറ്റിന്റെ രേഖകള്‍ കൈമാറാന്‍ ബാബുവിനോട് അവര്‍ ആവശ്യപ്പെട്ടിരുന്നു. നിരവധിതവണ മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ബാബു വായ്പ അടയ്ക്കാന്‍ തയാറായില്ല. ഇതേത്തുടര്‍ന്നാണ് നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ രമ തയാറായത്. ഇവര്‍ക്കു പുറമെ മറ്റു നാലുപേരും മ്യൂസിയം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഫ്ലാറ്റ് വെച്ചുനല്‍കാമെന്നു പറഞ്ഞ് പണം വാങ്ങിയവരും പരാതിക്കാരായിട്ടുണ്ട്. മാത്രമല്ല രമയെപ്പോലെ കബളിപ്പിക്കപ്പെട്ട നിരവധി പേര്‍ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരമെന്നും മ്യൂസിയം പോലീസ് പറഞ്ഞു.
കുറച്ചു വര്‍ഷങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഹീര കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് പ്രവര്‍ത്തിച്ചിരുന്നത്. 2015ല്‍ തുടങ്ങിയ പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിൽ കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാന്‍ നിയമ നടപടികള്‍ തുടങ്ങിരുന്നു, അബ്ദുള്‍ റഷീദ് അലിയാര്‍ കുഞ്ഞെന്ന ഹീരാ ബാബുവാണ് മാനേജിങ് ഡയറക്ടര്‍. ഹീരാ ബാബുവിനെ കൂടാതെ ഭാര്യ സുനിത, മക്കളായ സുറുമി, സുബിന്‍, റസ്വിന്‍ എന്നിവരാണ് കമ്പനിയിലെ മറ്റ് ഡയറക്ടര്‍മാര്‍. ഇതിന് പുറമേ മറ്റ് പത്തോളം കമ്പനിയും ഹീരാ ബാബുവിന്റെ പേരിലുണ്ട്.