തൃശ്ശൂര്‍ : കേരളത്തിൽ തൃശ്ശൂർ ഉൾപ്പടെയുള്ള പ്രധാന നഗരങ്ങളിൽ ഫ്ലാറ്റ് തട്ടിപ്പുകൾ വ്യാപകമാകുന്നു. പുറത്ത് വരുന്നത് കൊടും ചതിയുടെ കഥകളാണ്. സിനിമാ താരങ്ങളുടെ പുഞ്ചിരിക്കുന്ന മുഖം കണ്ട് ഫ്ലാറ്റുകള്‍ വാങ്ങുന്നവർ അതിന്റെ പിന്നിലൊളിഞ്ഞിരിക്കുന്ന ചതിയറിയുന്നത് ബാങ്കുകൾ ജപ്തി ചെയ്യാനെത്തുമ്പോഴായിരിക്കും. ജീവിതത്തിന്റെ നല്ല സമയം മുഴുവൻ ചോര നീരാക്കിയുണ്ടാക്കിയ പണം കൊണ്ട് കിടപ്പാടം വാങ്ങുന്നവരാണ് ചതിക്കപ്പെടുന്നവരിൽ അധികവും. പല പ്രമുഖരും തട്ടിപ്പിനിരയായിട്ടുണ്ട്. നാണക്കേട് ഭയന്ന് പലരും ഇക്കാര്യം പുറത്ത് പറയാൻ മടിക്കുകയാണ്. ബഹുനില ഫ്ലാറ്റ് സമുച്ചയങ്ങള്‍ നിർമ്മിച്ച് ഫ്ലാറ്റ് വിൽപന നടത്തുവരിൽ ചിലർ നടത്തുന്ന തട്ടിപ്പ് ഈ മേഖലയിലെ മറ്റുള്ള കമ്പനികളെയും സംശയനിഴലിലാക്കി കഴിഞ്ഞു.
സ്ഥലം ബാങ്കിന് ഈടുനല്‍കി കോടികൾ വായ്പ എടുത്താണ് പലരും ബഹുനില ഫ്ലാറ്റ് സമുച്ചയങ്ങള്‍ കെട്ടിപ്പൊക്കുന്നത്. കെട്ടിടം പണി തുടങ്ങുന്നതിനു മുമ്പേ ഓഫറുകളുടെ പെരുമഴയുമായി പരസ്യങ്ങള്‍ ഇറങ്ങും. ഇതോടെ പലരും ഫ്ലാറ്റുകള്‍ക്ക് അഡ്വാന്‍സ് നല്‍കി ബുക്ക് ചെയ്യും. പണി പൂര്‍ത്തിയാകുന്നതോടെ ഈ ഫ്ലാറ്റ് മുഴുവന്‍ വിലയും വാങ്ങി ഇവര്‍ക്ക് എഴുതി നല്‍കും. ഇവിടെ ഫ്ലാറ്റ് മാത്രമാണ് എഴുതി നല്‍കുന്നതെന്ന കാര്യം പലരും ചിന്തിക്കാറില്ല. ഫ്ലാറ്റ് വില്‍പ്പനയുടെ ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വായ്പ എടുത്ത ബാങ്കില്‍ നിന്നും പ്രത്യേക ദൂതന്‍ എത്തി വസ്തുവിന്റെ ഒറിജിനല്‍ ആധാരം സബ് രജിസ്ട്രാര്‍ ഓഫീസില്‍ കാണിക്കും. ഇതോടെ ഫ്ലാറ്റിന്റെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകും. ആധാരം വേണ്ടവിധത്തില്‍ എഴുതി തയ്യാറാക്കുന്നത് ഫ്ലാറ്റ് നിര്‍മ്മാണ കമ്പനിയുടെ വേണ്ടപ്പെട്ടവര്‍ത്തന്നെ ആയതിനാല്‍ ഫ്ലാറ്റ് വാങ്ങുന്നവര്‍ക്ക് എന്തെങ്കിലും സംശയം തോന്നിയാല്‍ അത് ബുദ്ധിപരമായി കൈകാര്യം ചെയ്തിരിക്കും. ഇവിടെ കെട്ടിടമോ കെട്ടിടം ഇരിക്കുന്ന വസ്തുവോ ആര്‍ക്കും വില്‍പ്പന നടത്തുന്നില്ല. ഒരു കമ്പനി തങ്ങള്‍ക്ക് അവകാശമുള്ള സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ച് അതിലെ ഫ്ലാറ്റുകളും മുറികളും പ്രത്യേകം പ്രത്യേകം വില്‍പ്പന നടത്തുന്നു എന്നുമാത്രം. ഇവിടെ ഫ്ലാറ്റുകള്‍ക്ക് മാത്രമാണ് അവകാശം.
ഫ്ലാറ്റ് സമുച്ചയം കെട്ടിപ്പൊക്കാന്‍ എടുത്ത ലോണ്‍ കുടിശിഖ ആകുന്നതോടെ ബാങ്കുകാര്‍ ജപ്തി നടപടിയുമായി മുമ്പോട്ട് നീങ്ങും. അപ്പോള്‍ മാത്രമാണ് തങ്ങളുടെ തലയിലിരിക്കുന്ന വന്‍ ബാധ്യത പലരും അറിയുന്നത്. ഫ്ലാറ്റ് എടുത്തവര്‍ എല്ലാവരും ചേര്‍ന്ന് ബാങ്കിലെ കടം വീട്ടിയില്ലെങ്കില്‍ കെട്ടിടം ബാങ്കുകാര്‍ കൈവശപ്പെടുത്തും. ഇതോടെ ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ഫ്ലാറ്റുകള്‍ ഒഴിഞ്ഞ് പെരുവഴിയിലേക്ക് പലര്‍ക്കും ഇറങ്ങേണ്ടിവരും. വമ്പൻ പരസ്യങ്ങൾ കണ്ട് ഇത്തരത്തിൽ ചതിയിൽ വീണത് നിരവധി പേരാണ്. ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായവും ഇതിനു കൂടിയേ തീരൂ. ചില ബാങ്കുകളും ഈ തട്ടിപ്പിന് കൂട്ടുനിൽക്കുന്നതായാണ് വിവരം. പലരും മുൻകൂറോ തവണകളോ ആയിട്ടാണ് ഫ്ലാറ്റിന് പണം നൽകുന്നത്. അത് മിക്കവാറും ബിൽഡറുടെയോ ബിനാമിയുടേയോ പേരിലുള്ള ഏതെങ്കിലും കടലാസു കമ്പനിയിലേക്ക് പോയിരിക്കും. ആകാശം മുട്ടെ കെട്ടിപ്പൊക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങൾക്ക് പിന്നിൽ ഇത്തരം വമ്പൻ തട്ടിപ്പ് ഒളിച്ചിരുപ്പുണ്ടെന്ന് പലർക്കും അറിയില്ല. >>> സാമ്പത്തിക തട്ടിപ്പിന് ഇരയായവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected].