എടവണ്ണ: മലപ്പുറം ജില്ലയിലെ എടവണ്ണയിൽ നടന്നുവന്ന് ‘ഫ്ലെക്സ് ബോർഡ് യുദ്ധ’ത്തിൽ നടപടിയുമായി എടവണ്ണ പോലീസ്. വിദ്യാർഥികൾക്ക് സദാചാര മുന്നറിയിപ്പുമായി എടവണ്ണ ബസ് സ്റ്റാൻഡിനു സമീപം നാട്ടുകാരുടെ പേരിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡും, ഇതിനു മറുപടിയുമായി ‘വിദ്യാർഥി പക്ഷം’ എന്ന പേരിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡും പൊലീസ് ഇടപെട്ട് നീക്കം ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ടാണ് എടവണ്ണയിലെ ജനകീയ കൂട്ടായ്മയുടെ പേരിൽ വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഇവിടെ ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ഇത്തരമൊരു ഫ്ലെക്സ് സ്ഥാപിക്കാൻ പഞ്ചായത്ത് അനുമതി നൽകിയിരുന്നില്ലെന്ന് എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് ടി.അഭിലാഷ് വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് പോലീസ് ഇടപെട്ട് ഫ്ലെക്സുകൾ നീക്കിയത്.
‘കഴിഞ്ഞ ദിവസം ഇവിടെ ഒരു ഫ്ലെക്സ് ആളുകൾ വയ്ക്കുന്ന സാഹചര്യമുണ്ടായി. വിദ്യാർഥികളുമായി ബന്ധപ്പെട്ട ചില സദാചാര വിഷയങ്ങളാണ് അതിൽ പ്രതിപാദിച്ചിരുന്നത്. പഞ്ചായത്തിന്റെ അനുമതിയോടെയാണോ ഫ്ലെക്സ് സ്ഥാപിച്ചതെന്ന് പോലീസ് അന്വേഷിച്ചിരുന്നു. പഞ്ചായത്തിൽനിന്ന് അതിന് അനുമതി നൽകിയിട്ടില്ലെന്ന് അവരെ അറിയിച്ചു’ – എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ് വ്യക്തമാക്കി.