പ്രകൃതിയൊരുക്കിയ അതിമനോഹരമായ മലഞ്ചെരിവുകളും, ഹരിത സാന്ദ്രമായ താഴ്വരകളും, തട്ടുകളായുള്ള കൃഷിരീതികളും കൊണ്ട് സമ്പന്നമാണ് വട്ടവട എന്ന ഗ്രാമം. മൂന്നാറിൽ നിന്ന് കിഴക്ക് മാറി, 45 കിലോമീറ്റർ ദൂരെ തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന അതിസുന്ദരമായ ഗ്രാമമാണിത്. പ്രകൃതി ലാവണ്യം ആസ്വദിച്ച് നടക്കുവാൻ കേരളത്തിൽ ഏറ്റവും മികച്ച ഇടം കൂടിയാണിത്. ആചാരങ്ങൾ, കലാരൂപങ്ങൾ, ജീവിതരീതികൾ, നാട്ടുവൈദ്യം തുടങ്ങിയവയെല്ലാം വട്ടവടയുടെ പെരുമയെ കാണിക്കുന്ന അടയാളങ്ങളാണ്. സമുദ്രനിരപ്പിൽ നിന്ന് 6000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ കൊച്ചു ഗ്രാമം വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥ സഞ്ചാരികൾക്ക്നല്‍കുന്നു.
വട്ടവടയിലെ കൃഷിക്കാഴ്ചകൾ
തട്ടുതട്ടായി ഉള്ള പച്ചക്കറി തോട്ടങ്ങളാണ് ഈ നാടിൻറെ മനോഹാരിതയ്ക്ക് നിറപ്പകിട്ടേകുന്നത്. എല്ലാത്തരത്തിലുള്ള പച്ചക്കറികളുടെയും വിളനിലമാണ് വട്ടവട. ശീതകാല പച്ചക്കറികൾ കേരളത്തിൽ ഏറ്റവും നന്നായി വിളയുന്നത് വട്ടവടയിൽ ആണെന്നുള്ള കാര്യം എടുത്തു പറയണം. മൂന്ന് സീസണുകളിലായി ഇവിടെ പച്ചക്കറി കൃഷി ചെയ്യുന്നു. മലയാളവും തമിഴും നന്നായി അറിയുന്ന ഇവിടത്തെ ജനതയുടെ ജീവനും ജീവിതവും കൃഷിയിൽ തന്നെയാണ്. ഓണം സീസണിലാണ് വട്ടവടയിൽ കൂടുതലായി വിളവെടുപ്പ് നടക്കുന്നത്. വീടുകളെല്ലാം ഒരിടത്ത് മാത്രം കേന്ദ്രീകരിച്ചാണ് പണിതിരിക്കുന്നത്. കൂടുതൽ സ്ഥലം കൃഷിക്ക് വേണ്ടി സജ്ജമാക്കിയിരിക്കുന്നു.
വട്ടവടയിലെ എല്ലാ വീടുകളിലും നിന്നും സ്ട്രോബെറി ജാം, സ്ട്രോബറി ജ്യൂസ് മറ്റു മായം കലരാത്ത ഉൽപ്പന്നങ്ങൾ തുടങ്ങിയവ സഞ്ചാരികൾക്ക് വാങ്ങാൻ സാധിക്കും.കണ്ണെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന കാനനഭംഗിയുടെ പേരിൽ മാത്രമല്ല മണ്ണിൽ പൊന്നുവിളയിക്കുന്ന ഒരു ജനതയുടെ കാർഷിക സംസ്കാരത്തിന്റെ കൂടെ പേരിലാണ് വട്ടവട ലോകത്താകമാനമുള്ള സഞ്ചാരികൾക്കിടയിൽ ശ്രദ്ധയാകർഷിക്കുന്നത്.