വാഷിംഗ്ടണ്‍: ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന്റെ എഞ്ചിന്‍ തകരാറിലായി. അപകടാവസ്ഥയിലും വിമാനം സുരക്ഷിതമായി ലാന്‍ഡിംഗ് നടത്തിയെന്ന് ഫെഡറല്‍ ഏവിയേഷന്‍ അസോസിയേഷന്‍ അറിയിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം.
വിമാനത്തിന്റെ ചില ഭാഗങ്ങള്‍ സമീപസ്ഥലങ്ങളില്‍ പതിച്ചു.231 യാത്രക്കാരും 10 ജീവനക്കാരുമായി ബോയിംഗ് 777 വിമാനം ഹൊനോലുലുവിലേക്ക് പോവുകയായിരുന്നു. പറന്നുയര്‍ന്നയുടന്‍ എഞ്ചിന്‍ തകരാറിലായി. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. അവശിഷ്ടങ്ങള്‍ നിലത്ത് പതിക്കുന്നതായും ഒരു വീഡിയോയില്‍ കാണിക്കുന്നു. വിമാനത്തിനുള്ളില്‍ നിന്ന് എടുത്തതായി തോന്നുന്ന മറ്റൊരു വീഡിയോയില്‍ എഞ്ചിന് തീപിടിച്ചതായി കാണാം.
‘എന്തോ പൊട്ടിത്തെറിച്ചു,’ എന്ന് ഒരാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. സമയോചിതമായി പ്രവര്‍ത്തിച്ച പൈലറ്റുമാരെ സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ പ്രശംസിക്കുന്നുണ്ട്.2018 ഫെബ്രുവരിയില്‍ ഹൊനോലുലുവിലേക്ക് പുറപ്പെട്ട പഴയ ബോയിംഗ് 777 വിമാനം ലാന്‍ഡ് ചെയ്യുന്നതിന് 30 മിനിറ്റ് മുമ്ബ് എഞ്ചിന്‍ തകരാറിലായി നിലം പതിച്ചിരുന്നു.