സിംഗപ്പൂര്‍ സിറ്റി : യാത്രക്കാരില്‍ ഒരാള്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തിന് അകമ്പടിയൊരുക്കി സിംഗപ്പൂര്‍ എയര്‍ഫോഴ്സിന്റെ രണ്ട് എഫ് – 16 യുദ്ധവിമാനങ്ങള്‍.യു.എസിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്ന് സിംഗപ്പൂരിലെ ചാംഗി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നത് വരെ വിമാനത്തെ യുദ്ധവിമാനങ്ങള്‍ നിരീക്ഷിച്ചു.
വിമാനത്തിലുണ്ടായിരുന്ന ഒരു 37കാരനാണ് വ്യാജ ബോംബ് ഭീഷണിയ്ക്ക് പിന്നില്‍. തന്റെ ബാഗിനുള്ളില്‍ ബോംബുണ്ടെന്ന് അവകാശപ്പെട്ട ഇയാള്‍ വിമാന ജീവനക്കാരെ ആക്രമിക്കുകയും ചെയ്തിരുന്നു. 16 മണിക്കൂറും 25 മിനിറ്റും നീണ്ട യാത്രയ്ക്കൊടുവില്‍ ഇന്നലെ പുലര്‍ച്ചെ പ്രാദേശിക സമയം 5.50ഓടെ ലാന്‍ഡ് ചെയ്തതിന് പിന്നാലെ വിമാനത്താവളത്തില്‍ എത്തിയിരുന്ന പ്രതിരോധ മന്ത്രാലയത്തിലെ വിദഗ്ദ്ധരടങ്ങുന്ന സംഘം ഇയാളെ പരിശോധിക്കുകയും ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. യുവാവിനെ ഉടന്‍ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.