തിരുവനന്തപുരം: സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന ജര്‍മ്മന്‍ സ്വദേശികള്‍ക്ക് ആശ്വാസം. പരിശോധനാ ഫലം നെഗറ്റീവായ ജര്‍മ്മന്‍കാര്‍ ചൊവാഴ്ച സ്വദേശത്തേക്ക് മടങ്ങും. ഇവരെ ജര്‍മ്മനിയിലേക്ക് കൊണ്ടു പോകാന്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ചൊവാഴ്ച രാവിലെ എട്ട് മണിയ്ക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. മുംബയില്‍ നിന്ന് വരുന്ന വിമാനം യാത്രക്കാരെ കയറ്റിയ ശേഷം 9.45 ന് വിമാനത്താവളത്തില്‍ നിന്ന് തിരിക്കും. വീണ്ടും മുംബയ് വിമാനത്താവളത്തിലിറങ്ങുന്ന വിമാനം അവിടെയുണ്ടായിരുന്ന ജര്‍മ്മന്‍കാരെ കൂടി കയറ്റി ജര്‍മ്മനിയിലേക്ക് പോകും.
ഏകദേശം നൂറ്റി അമ്പതോളം യാത്രക്കാര്‍ വിമാനത്തിലുണ്ടാകുമെന്നാണ് സൂചന. ഒന്നാം തീയതി തിരിച്ച് വരുന്ന വിമാനത്തില്‍ ജര്‍മ്മനിയിലുള്ള ഇന്ത്യക്കാരെ കൊണ്ടുവരാനുള്ള ആലോചനകളും ഉന്നതതലത്തില്‍ നടക്കുന്നുണ്ട്. ലോക്ക് ഡൗണിനെ തുടര്‍ന്ന് വിമാന സര്‍വ്വീസ് നിര്‍ത്തിയശേഷം ആദ്യമായാണ് വിമാന സര്‍വ്വീസ് സംസ്ഥാനത്ത് 31ന് നടക്കുന്നത്. നിലവില്‍ കാര്‍ഗോ സര്‍വീസുകള്‍ മാത്രമാണ് നടക്കുന്നത്.