കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ തിങ്കളാഴ്ച ആരംഭിക്കും. പ്രതിവാരം 113 സര്‍വ്വീസുകളാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് നടത്തുക. കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ പ്രത്യേകമായ സജ്ജീകരണങ്ങളാണ് വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ളത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ആഭ്യന്തര വിമാനയാത്രയ്ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കിയതോടെ സുരക്ഷിതമായ യാത്രക്കാവശ്യമുള്ള സജ്ജീകരണങ്ങള്‍ കൊച്ചി വിമാനത്താവളത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്. മുപ്പത് ശതമാനം സര്‍വ്വീസുകള്‍ നടത്താനാണ് വിമാന കമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുള്ളത്. സമ്പൂര്‍ണമായി യന്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ചെക്ക്-ഇന്‍, സുരക്ഷാ പരിശോധന എന്നീ തിരിച്ചറിയല്‍ പ്രക്രിയകളാവും നടക്കുക. മെയ് 25 മുതല്‍ ജൂണ്‍ 30 വരെ നിശ്ചയിച്ചിട്ടുള്ള ആദ്യഘട്ട സമയപ്പട്ടികയനുസരിച്ച് അഗത്തി, ബാംഗ്ലൂര്‍, കോഴിക്കോട്, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കണ്ണൂര്‍, മുംബൈ, മൈസൂര്‍, പൂനൈ എന്നീ നഗരങ്ങളിലേയ്ക്കും തിരിച്ചുമാണ് സര്‍വ്വീസുകള്‍ നടത്തുക. വെബ് ചെക്ക് ഇന്‍, ആരോഗ്യ സേതു മൊബൈല്‍ ആപ്, സ്വയം വിവരം നല്‍കല്‍ എന്നിവ സംബന്ധിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുവേണം യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തേണ്ടത്.