ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി കിടിലൻ എക്സ്ചേഞ്ച് ഓഫറുമായി ഇ- കൊമേഴ്സ് രംഗത്തെ വമ്പനായ ഫ്ലിപ്പ്കാർട്ട് ( Flipkart ) രംഗത്ത്. ഉപയോക്താക്കൾക്ക് അവർ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ഉപകരണങ്ങൾക്ക് പകരം പുതിയ ഉപകരണങ്ങൾ സ്വന്തമാക്കാൻ അവസരം നൽകുന്ന വിധത്തിലാണ് ഫ്ലിപ്പ്കാർട്ട് തങ്ങളുടെ എക്സ്ചേഞ്ച് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രവർത്തന രഹിതമായ ഉപകരണങ്ങളും പഴക്കം മൂലം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉപകരണങ്ങളും ഇത്തരത്തിൽ മാറ്റി വാങ്ങിക്കാൻ സാധിക്കും. സ്‌മാർട്ട്‌ഫോണുകൾ, ഫീച്ചർ ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ മുതൽ റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, ടെലിവിഷൻ, തുടങ്ങിയ വീട്ടുപകരണങ്ങൾ വരെ ഇത്തരത്തിൽ എക്സ്ചേഞ്ച് പ്രോഗ്രാമിലൂടെ പുതുക്കി വാങ്ങാം എന്നാണ് ഫ്ലിപ്പ്കാർട്ട് അറിയിക്കുന്നത്.
എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമാകുന്ന ഉപയോക്താക്കൾക്കായി ആകർഷകമായ ബൈബാക്ക് ഓഫറുകൾ, അപ്‌ഗ്രേഡുചെയ്‌ത ഉൽപ്പന്നങ്ങളുടെ കൈമാറ്റം, പ്രവർത്തിക്കാത്ത വീട്ടുപകരണങ്ങൾ വീട്ടിൽവന്ന് എടുത്തുകൊണ്ടുപോകാനുള്ള സൗകര്യം എന്നിവ ഉണ്ടാകുമെന്ന് ഫ്ലിപ്പ്കാർട്ട് അറിയിക്കുന്നു. ഉപയോഗശൂന്യമായ വീട്ടുപകരണങ്ങളും സാധനങ്ങളും ഒഴിവാക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് ഫ്ലിപ്പ്കാർട്ട് വിശദീകരിക്കുന്നത്. ഉപയോഗിക്കാൻ പറ്റാതായ ഉപകരണങ്ങൾ വിൽക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ അനുയോജ്യമായ ആളെ കണ്ടെത്താൻ ബുദ്ധിമുട്ടുന്നവരെ രക്ഷിക്കാൻ തങ്ങളുടെ എക്സ്ചേഞ്ച് പ്രോഗ്രാം ഏറെ സഹായകമാകുമെന്ന് ഫ്ലിപ്പ്കാർട്ട് പറയുന്നു. അതോടൊപ്പം തന്നെ പുതിയ ഉപകരണം വാങ്ങാനും ഫ്ലിപ്പ്കാർട്ട് സഹായിക്കും. അതിനായി പഴയ ഉപകരണങ്ങൾക്ക് മികച്ച മൂല്യം ഫ്ലിപ്പ്കാർട്ട് നൽകും. ഉപേക്ഷിക്കാറായ സാധനങ്ങൾക്ക് മികച്ച മൂല്യം ലഭിക്കുന്നതോടൊപ്പം ഇ- മാലിന്യങ്ങൾ സുരക്ഷിതമായി ഒഴിവാക്കാനും ഉപയോക്താക്കൾക്ക് സാധിക്കും. ഇ- മാലിന്യം ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിന് ഏജൻസികളുമായി ചേർന്നുകൊണ്ടാകും പ്രവർത്തിക്കുകയെന്നും കമ്പനി ഉറപ്പ് പറയുന്നു. ഉപയോക്താക്കൾ നൽകുന്ന ഉപകരണത്തിന്റെ അവസ്ഥ അനുസരിച്ചാകും നടപടികൾ കൈക്കൊള്ളുക.
ഇത്തരത്തിൽ ലഭിക്കുന്ന ഉപകരണങ്ങളിൽ റിപ്പയറിങ്ങിലൂടെ പുനരുപയോഗിക്കാൻ സാധിക്കുന്നവ നന്നാക്കിയെടുക്കുകയും മറ്റുള്ളവ സുരക്ഷിതമായി നശിപ്പിക്കുകയും ചെയ്യും. തെറ്റായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനാൽ ഇ മാലിന്യങ്ങൾ വൻ ഭീഷണി ഉയർത്തുന്നുണ്ട്. ഇത് ഒഴിവാക്കാനും ഇ മാലിന്യം കുറയ്ക്കാനും ശ്രമിക്കുന്നതോടൊപ്പം ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പരിപൂർണ്ണ സംരക്ഷണം ഉറപ്പാക്കുമെന്നും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. കൂടുതൽ വിശദാംശങ്ങൾ ഉടൻ അറിയിക്കും