ഉപഭോക്താക്കൾക്ക് പുതിയ സേവനം അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ ഷോപ്പിംഗ് സൈറ്റ് ആയ ഫ്ലിപ്കാർട്ട്. ഇതിലൂടെ ഉപഭോക്താക്കൾക്ക് പ്രത്യേകം പരിഗണന ലഭിക്കുമെന്നാണ് ഫ്ലിപ്കാർട്ട് അവകാശപ്പെടുന്നത്. “ഫ്ലിപ്പ്കാർട്ട് പ്ലസ് പ്രീമിയം” എന്നായിരിക്കും പുതിയ സേവനം അറിയപ്പെടുക. ആമസോണിന്റെ പ്രൈം അംഗങ്ങൾക്ക് സമാനമായിരിക്കും ഫ്ലിപ്കാർട്ടിന്റെ പുതിയ സേവനം എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ആമസോണിലേത് പോലെ പ്രത്യേകം പണം അടച്ച് ആയിരിക്കില്ല ഫ്ലിപ്കാർട്ടിൽ കിഴിവ് ലഭിക്കുക. പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിക്കുന്ന ടീസർ പ്രകാരം ഉപയോക്താക്കൾക്ക് പൂർണ്ണമായും സൗജന്യമായി കിഴിവ് നേടാവുന്നതാണ്. നിലവിലെ ഫ്ലിപ്കാർട്ട് പ്ലസ് സേവനത്തിന്റെ വിപുലീകരണമായിരിക്കും ഫ്ലിപ്പ്കാർട്ട് പ്ലസ് പ്രീമിയം. ഉടൻ തന്നെ ഈ സേവനം ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് ഫ്ലിപ്കാർട്ട് അറിയിച്ചിരിക്കുന്നത്. അതേ സമയം പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
രണ്ടാഴ്ചക്കുള്ളിൽ തന്നെ വിശദവിവരങ്ങൾ പുറത്തുവിടും എന്നാണ് ഫ്ലിപ്കാർട്ട് അറിയിച്ചിരിക്കുന്നത്. നിലവിലുള്ള ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്കായിരിക്കും പുതിയ പദ്ധതി കൂടുതലായി ഗുണം ചെയ്യുക. ഫ്ലിപ്പ്കാർട്ടിന്റെ സർക്കിളിൽ ഉള്ള വെർച്വൽ കറൻസിയായ സൂപ്പർ കോയിനുകളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും കിഴിവുകൾ ലഭിക്കുക. മറ്റ് ആനുകൂല്യങ്ങളും ഈ പദ്ധതിയുടെ കീഴിൽ ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നുണ്ട്. ഫ്ലിപ്കാർട്ടിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന റിവാർഡുകൾ ഫ്ലിപ്പ്കാർട്ട് ആപ്പിലോ വെബ്‌സൈറ്റിലോ റിഡീം ചെയ്യാവുന്നതാണ്. ഓരോ ഉത്പന്നങ്ങൾ വാങ്ങുമ്പോഴും ഇത്തരത്തിൽ റിവാർഡുകൾ ലഭിക്കുന്നതാണ്. ഈ റിവാർഡുകൾ ചേർത്തുവെച്ച് ഉപഭോക്താക്കൾക്ക് ലോയൽറ്റി പ്രോഗ്രാമിൽ ചേരാവുന്നതാണ്.
ഫ്ലിപ്കാർട്ട് പ്ലസിൽ അംഗങ്ങളായിട്ടുള്ളവർക്ക് ഇതിനോടകം തന്നെ ഫ്രീഷിപ്പിംഗ്, സൂപ്പർ കോയിൻ ഏർണിംഗ് തുടങ്ങി നിരവധി കിഴിവുകൾ ലഭിക്കുന്നുണ്ട്. 200 സൂപ്പർ കോയിനുകൾ ലഭിച്ചാൽ ഉപഭോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ട് പ്ലസ് അംഗമാകാൻ സാധ്യമാകുന്നതാണ്. ഒരിക്കൽ ഫ്ലിപ്പ്കാർട്ട് പ്ലസ് അംഗമായാൽ സൈറ്റിൽ ചിലവഴിക്കുന്ന ഓരോ നൂറ് രൂപക്കും നാല് സൂപ്പർ കോയിൻ വീതം ലഭിക്കുന്നതാണ്. ഇങ്ങനെ കോയിനുകൾ കൂട്ടിവെച്ച് ഇതിൽ നിന്ന് വലിയരീതിയിൽ നേട്ടം ഉണ്ടാക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കുന്നതാണ്. വരും ദിവസങ്ങളിലോ അല്ലെങ്കിൽ സ്വാതന്ത്ര്യദിനത്തിലോ ഫ്ലിപ്കാർട്ട് പുതിയ സേവനം ആരംഭിക്കും എന്നാണ പ്രതീക്ഷിക്കുന്നത്. ഇതിന് മുമ്പ് തന്നെ ഉപഭോക്തക്കാൾക്ക് പ്രീമിയം അംഗത്വം എടുത്ത് തുടങ്ങാം.
സാധാരണയായി സ്വാതന്ത്ര്യദിനം ഫ്ലിപ്കാർട്ട് പ്രത്യേക ഓഫറുകൾ പ്രഖ്യാപിക്കാറുള്ളതാണ്. എന്നാൽ ഇത്തവണ ഇതുസംബന്ധിച്ച അറിയിപ്പുകൾ ഒന്നും തന്നെ കമ്പനി പറത്തുവിട്ടിട്ടില്ല. അധികം വൈകാതെ തന്നെ കമ്പനി ഓഫർ പ്രഖ്യാപിക്കുമെന്നാണ് ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നത്. അതേ സമയം സ്വാതന്ത്ര്യദിനം കഴിഞ്ഞാൽ പിന്നെ ദീപാവലിക്ക് ആയിരിക്കും വലിയ ഓഫറുകൾ നടക്കുക. അതിനിടെ ജൂലൈ 14 മുതൽ 19 വരെ ഫ്ലിപ്പ് കാർട്ടിൽ ബിഗ് സേവിംഗ് ഡേ സെയിൽ നടന്നിരുന്നു. സ്‌മാർട്ട്‌ഫോണുകൾ, ഇയർബഡുകൾ, ടിവികൾ, എസികൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ ഡീലുകളാണ് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യതത്. ഐഫോൺ 14 ഉൾപ്പെടെ മുൻനരിഫോണുകൾക്ക് വൻ ഓഫർ ആണ് ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചത്.
ഫ്ലിപ്കാർട്ടിലെ സെയിലിനൊപ്പം ആമസോണും പ്രൈം ഡെ സെയിൽ എന്ന പേലിൽ കിഴിവ് വിൽപന നൽത്തിയിരുന്നു. പ്രൈം അംഗങ്ങളെ ലക്ഷ്യമിട്ട് ആയിരുന്നു ആമസോണിന്റെ വിൽപന. കിഴിവ് വിൽപനയിലൂടെ ഉപഭോക്താക്കൾക്ക് 300 കോടിയിലേറെ ലാഭം ഉണ്ടായെന്ന് ആമസോൺ പറയുന്നു. സ്മാർട്ട് ഫോണുകളാണ് വൻ തോതിൽ വിറ്റുപോയത്. ആമസോണിന്റെ കണക്കുകൾ പ്രകാരം ഓരോ സെക്കൻഡിലും 5 സ്മാർട്ട്‌ഫോണുകൾ വീതം വിറ്റഴിക്കപ്പെട്ടു. സാംസങ് ഗാലക്സി എം34ന് ആണ് ഏറ്റവും കൂടുതൽ ആവിശ്യക്കാര് ഉണ്ടായത്. ആമസോണും വിവിധ ബാങ്കുകളും ബ്രാൻഡുകളും ചേർന്നാണ് കിഴിവ് ഒരുക്കിയത്.