കൊച്ചി : കളമശ്ശേരി നഗരസഭ ഭരണപക്ഷത്തിനെതിരെ അഴിമതി ആരോപണവുമായി സിപിഎം ഏരിയ കമ്മിറ്റി. നഗരസഭ ചെയര്‍പേഴ്‌സണ്‍ റുഖിയ ജമാല്‍ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം തട്ടിയെന്നാണ് സിപിഎമ്മിന്റെ ആരോപണം. റുഖിയ ജമാല്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് ഗുണഭോക്താക്കളില്‍ അനധികൃതമായി ബന്ധുക്കളെ ഉള്‍പ്പെടുത്തി പണം തട്ടിയെന്നാണ് സിപിഎം ആരോപിക്കുന്നത്.
എല്‍ഡിഎഫ് കളമശേരി മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റി നടത്തിയ പത്രസമ്മേളനത്തിലാണ് രേഖകള്‍ സഹിതം വെട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്. കെപിസിസി നിര്‍വാഹക സമിതിയംഗം ജമാല്‍ മണക്കാടന്റെ ഭാര്യയും നഗരസഭ ചെയര്‍ പേഴ്സണുമായ റുക്കിയ ജമാലിന്റെ പിതാവ് വിടാക്കുഴ മണക്കാട്ട് വീട്ടില്‍ അബൂബക്കര്‍ അഹമ്മദ്, സഹോദരന്‍ മണക്കാട്ട് വീട്ടില്‍ എം എ അബ്ദുള്‍ അസീസ് എന്നിവര്‍ക്കാണ് പ്രളയ ദുരിതാശ്വാസമായി രണ്ടര ലക്ഷം രൂപ വീതം അനുവദിച്ചത്. ഇവരുടെ സമീപത്തുള്ള ചേറാട്ടു കോളനി, എ കെ ജി കോളനി എന്നിവിടങ്ങളില്‍ പ്രളയത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന വീടുകള്‍ക്ക് പരമാവധി 60,000 രൂപ മാത്രം നല്‍കിയപ്പോഴാണ് ഒരു നാശവും സംഭവിക്കാത്ത ബന്ധുക്കളുടെ വീടുകള്‍ക്ക് രണ്ടര ലക്ഷം വീതം അനുവദിച്ചത്.
2018-ല്‍ നഗരസഭയിലെ പത്ത് വാര്‍ഡുകളിലാണ് പ്രളയ ദുരിതം വലിയ തോതില്‍ അനുഭവപ്പെട്ടത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ജനങ്ങള്‍ മുന്നിട്ടിറങ്ങിയാണ്. അന്ന് നഗരസഭ കാഴ്ചക്കാരായിരിക്കുകയായിരുന്നു. പിന്നീട് നഷ്ടപരിഹാരക്കണക്കെടുക്കുന്നതിന് സര്‍ക്കാര്‍ നഗരസഭയെ ചുമതലപ്പെടുത്തി. ഈ അവസരമുപയോഗിച്ചാണ് നഗരസഭാ ഭരണക്കാരുടെ ബന്ധുക്കള്‍ക്ക് അവിഹിതമായി നഷ്ടപരിഹാരത്തുക നിശ്ചയിച്ചു നല്‍കിയത്.