റാന്നി : മഹാ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെ.പി.സി.സിയുടെ ഭവനദാന പദ്ധതി പ്രകാരം പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പണിതു നല്‍കുന്ന പത്താമത്തെ വീട് റാന്നി-അങ്ങാടി പറക്കുളത്ത് സുനില ബീഗത്തിന് നല്‍കി. താക്കോല്‍ദാന കര്‍മ്മം ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് നിര്‍വ്വഹിച്ചു.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസ് ഇതുവരെ ജില്ലയില്‍ വാസയോഗ്യമായ പത്ത് വീടുകള്‍ പൂര്‍ത്തീകരിച്ചു നല്‍കിയിട്ടുണ്ടെന്ന് ബാബു ജോര്‍ജ്ജ് പറഞ്ഞു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വീട് പണിതു നല്‍കി സഹായിക്കുക എന്ന കെ.പി.സി.സി യുടെ ദൗത്യം ഏറ്റെടുത്താണ് ജില്ലയില്‍ ഇത്രയും വീടുകള്‍ പണിതു നല്‍കിയതെന്ന് താക്കോല്‍ കൈമാറിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
2018 ലെ പ്രളയത്തില്‍ റാന്നി പേട്ടക്കടവില്‍ താമസിച്ചുകൊണ്ടിരുന്ന സുനിലയുടെ വീട് പൂര്‍ണ്ണമായും തകര്‍ന്ന് പോയിരുന്നു. ഭര്‍ത്താവ് നേരത്തെ മരിച്ചുപോയ സുനില ഏക മകനുമായി പ്രളയദുരിതത്തില്‍ കഴിയുന്ന വിവരം റിങ്കു ചെറിയാനാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിച്ചത്. അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സനാണ് റാന്നിയിലെത്തി വീടിന് തറക്കല്ലിട്ടത്.
ഡി.സി.സി വൈസ് പ്രസിഡന്‍റ് റ്റി.കെ സാജു, ജനറല്‍ സെക്രട്ടറിമാരായ കാട്ടൂര്‍ അബ്ദുള്‍ സലാം, അഡ്വ. എബ്രഹാം മാത്യു പനച്ചമൂട്ടില്‍, അഡ്വ. ലാലു ജോണ്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജു മരുതിക്കല്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് റ്റി.സി തോമസ്, ബി. സുരേഷ്, മേഴ്സി പാണ്ടിയത്ത്, സിനി എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.