കൊച്ചി : പ്രളയ ദുരിതാശ്വാസത്തിനെന്നപേരില്‍ നടത്തിയ മ്യൂസിക് ഫെസ്റ്റിലൂടെ കോടികള്‍ പിരിച്ചെടുത്തുവെങ്കിലും ഒരു ചില്ലിക്കാശുപോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയില്ലെന്ന് വിവരാവകാശ രേഖ. കൊച്ചിന്‍ മ്യുസിക് ഫൌണ്ടേഷന്റെ സഹകരണത്തോടെ ആഷിക് അബുവും റിമ കല്ലിങ്കലും ചേര്‍ന്നൊരുക്കിയതാണ് കരുണ മ്യൂസിക് കൺസർട്ട്. 2019 നവംബര്‍ ഒന്നിന് കൊച്ചിയില്‍ നടന്ന ഈ മെഗാ മ്യുസിക് ഇവന്റിലൂടെ പിരിച്ചെടുത്തത് കോടികളാണ്. 500 രൂപയുടെയും 2000 രൂപയുടെതും ആയിരുന്നു ടിക്കറ്റുകള്‍. പരിപാടി വന്‍ വിജയവുമായിരുന്നു. പ്രളയ ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കുവാന്‍ ആയിരുന്നതിനാല്‍ ജനങ്ങള്‍ നന്നായി സഹകരിച്ചു. കലാകാരന്‍മാര്‍ പ്രതിഫലം ഒന്നും വാങ്ങാതെയാണ് പങ്കെടുത്തതെന്നും ഓര്‍ക്കസ്ട്രയും ശബ്ദ വെളിച്ച ക്രമീകരണങ്ങളും പരിപാടി നടന്ന സ്ഥലവും ഒക്കെ സൌജന്യമായാണ് ലഭിച്ചതെന്നും പറയുന്നു. എന്നിട്ടും പ്രളയ ദുരിതാശ്വാസത്തിനെന്ന പേരില്‍ നടത്തിയ പരിപാടിയിലൂടെ ലഭിച്ച മുഴുവന്‍ പണവും ചിലര്‍ ചേര്‍ന്ന് മുക്കി.
ഏറണാകുളം സ്വദേശി ശിവകുമാറിനു നല്‍കിയ വിവരാവകാശ രേഖയിലൂടെയാണ് ഈ തട്ടിപ്പ് പുറത്തറിയുന്നത്. പരിപാടിക്ക് വന്‍ ചെലവ് ഉണ്ടായിയെന്ന് വാക്കാല്‍ മുട്ടാത്തര്‍ക്കം മാത്രമേ സംഘാടകര്‍ പറയുന്നുള്ളൂ. എന്നാല്‍ പരിപാടിയില്‍ പങ്കെടുത്തവരോ ക്രമീകരണം ചെയ്തു നല്‍കിയവരോ പ്രതിഫലം വാങ്ങിയിട്ടുമില്ലെന്ന് പറയുന്നു. വ്യക്തമായ കണക്കുകള്‍ പുറത്തുകാണിക്കാതെ വെട്ടിപ്പ് നടത്തിയിരിക്കുകയാണെന്നാണ് ആരോപണം.