ഹിമാചല്‍പ്രദേശ് : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ഹിമാചൽ പ്രദേശിലാണ് കൂടുതൽ പേർ മരിച്ചത്. ഒഡീഷയിൽ 6ഉം ഉത്തരാഖണ്ഡിലും ജാർഖണ്ഡിലും നാല് വീതം പേരും ജമ്മു കശ്മീരിൽ രണ്ടു പേരും മഴക്കെടുതിയെ തുടർന്ന് മരിച്ചു. ശക്തമായ മഴ നാല് ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് നിലവിൽ തന്നെ പ്രളയ സമാന സാഹചര്യമാണ്. മഹാനദി കരകവിഞ്ഞൊഴുകുകയാണ്. നദിയുടെ കരകളിൽ കുടുങ്ങിയ നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു.
ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ഗംഗ, യമുനാ നദികൾ കരകവിഞ്ഞു. ഇതോടെ ജനവാസ മേഖലകളിൽ വെള്ളപ്പൊക്കം രൂക്ഷമായി. ഗംഗയുടേയും യമുനയുടേയും തീരങ്ങളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മധ്യപ്രദേശിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. നാല് ജില്ലകളിൽ കാലാവസ്ഥാ കേന്ദ്രം റെഡ് അലേർട്ട് പുറപ്പെടുവിച്ചു. നർസിംഗ്‍പൂർ, ദാമോ, സാഗർ, ഛത്തർപൂർ ജില്ലകളിൽ ആണ് റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.