നിറയേ കുഞ്ഞിപ്പൂക്കൾ വിടരുന്ന പത്ത് മണിച്ചെടി ഏവരുടേയും പ്രിയപ്പെട്ട ചെടിയാണ്. വെള്ള, പിങ്ക്, ഓറഞ്ച് തുടങ്ങി പല നിറങ്ങളിൽ ചെടി ഉണ്ട്. മുറ്റത്തും ചെടിച്ചട്ടികളിലും പാത്രത്തിലും അല്ലെങ്കിൽ കുപ്പികളിൽ വേണെങ്കിൽ പോലും ഈ ചെടി വളർത്തി എടുക്കാവുന്നതാണ്. ഇത് തൂക്കിയിട്ടും അല്ലാതെയും വളർത്തി എടുക്കാം.
ഇത് എങ്ങനെ വീട്ടിൽ വളർത്തി എടുക്കാം
വീട്ടിൽ വളർത്തി എടുക്കാൻ നോക്കുമ്പോൾ നല്ല കരുത്തുള്ള തണ്ട് വേണം തിരഞ്ഞെടുക്കാൻ, പൂ വിരിഞ്ഞതിന് ശേഷമുള്ള തണ്ടുകൾ അഭികാമ്യം. ചെറിയ തണ്ട് എടുത്താൽ ചിലപ്പോൾ പിടിക്കാൻ താമസം എടുക്കുകയോ അല്ലെങ്കിൽ ചീഞ്ഞ് പോകുകയോ ചെയ്യും. നടുമ്പോൾ കല്ലുകൾ നീക്കം ചെയ്ത് മേൽമണ്ണ്. ചാണകപ്പൊടി എന്നിവ നടീലിനായി തിരഞ്ഞെടുക്കാം, ആവശ്യമെങ്കിൽ മണ്ണിര കമ്പോസ്റ്റ് ചേർത്ത് കൊടുക്കാം, അത് പെട്ടെന്നുള്ള വളർച്ചയ്ക്ക് സഹായകമാകും.
ഇനി മണ്ണിൽ നടീൻ ഇഷ്ടമല്ലെങ്കിൽ അല്ലെങ്കിൽ സ്ഥലം ഇല്ലെങ്കിൽ നിങ്ങൾക്ക് തൂക്കി ഇട്ടും ഈ ചെടിയെ വളർത്തി എടുക്കാവുന്നതാണ്. ഇതിനായി ഉപയോഗ ശൂന്യമായ കുപ്പി മതി. അല്ലെങ്കിൽ കണ്ടെയ്നർ എടുക്കാം. കുപ്പി എങ്കിൽ സ്റ്റിക്കർ മാറ്റി ഇതിനെ വൃത്തിയാക്കി എടുക്കുക, കുപ്പിക്ക് ചുറ്റും ദ്വാരം ഇട്ട് കൊടുക്കുക, വെള്ളം കെട്ടി കിടക്കാതെ വാർന്ന് പോകുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. കമ്പി ചൂടാക്കി ദ്വാരം ഇടാവുന്നതാണ്. നിങ്ങൾക്ക് വേണമെങ്കിൽ അലങ്കാരത്തിനായി കുപ്പിക്ക് പെയിൻ്റ് അടിക്കാം. അല്ലെങ്കിൽ അല്ലാതെയും നടാവുന്നതാണ്. എടുത്ത തണ്ടുകൾ ഓരോ ദ്വാരത്തിനുള്ളിലേക്കും വച്ച് മണ്ണ് ഇട്ട് കൊടുക്കുക. ശേഷം പ്ലാസ്റ്റിക്ക് ചരട് കെട്ടി വീടിന് മുമ്പിൽ തൂക്കി ഇടാവുന്നതാണ്. നട്ട് കഴിഞ്ഞ് ഒരാഴ്ച്ചക്കുള്ളിൽ തന്നെ ഇത് വളർന്ന് പൂവിടാൻ തുടങ്ങും.
നല്ല സൂര്യപ്രകാശം കിട്ടുന്നിടത്ത് വേണം ഇത് നടാൻ. ഇടവളമായി ഇതിന് ചാണകപ്പൊടി അല്ലെങ്കിൽ മണ്ണിര കമ്പോസ്റ്റ് എന്നിവ ചേർത്ത് കൊടുക്കാം. ജലസേചനം വളരെ പ്രധാനപ്പെട്ടതാണ് പത്ത് മണി ചെടികൾക്ക്. തണ്ടുകൾ ഉണങ്ങി പോയാൽ പിന്നീട് ചെടി വളർച്ച, പൂവിടൽ എന്നിവ കുറയും. വളർന്ന് വരുന്ന തണ്ടുകൾ പ്രൂൺ ചെയ്ത് അഥവാ മുറിച്ച് വിടുന്നത് കൂടുതൽ ശിഖരങ്ങളായി കൂടുതൽ പൂക്കൾ ഉണ്ടാവുന്നതിന് സഹായിക്കുന്നു. പൂർണമായി വളർന്ന് കഴിഞ്ഞാൽ ശിഖരങ്ങൾ ഉണ്ടാവുന്നതിനും, പൂവിടുന്നതും കുറയും. അപ്പോൾ പുതിയ മണ്ണ് നിറച്ച് ആരോഗ്യമുള്ള തണ്ടുകൾ വേറെ വെച്ച് പിടിപ്പിക്കുക. നിരവധി നിറങ്ങളിലുള്ള പത്ത് മണി ഇന്ന് നിലവിൽ ഉണ്ട്. ഇത് നേഴ്സറികളിൽ നിന്ന് വാങ്ങാൻ സാധിക്കും അല്ലെങ്കിൽ ഓൺലൈനായും വാങ്ങാവുന്നതാണ്. പത്ത് മണി ചെടിക്ക് ആവശ്യക്കാർ കൂടുന്നത് കൊണ്ട് തന്നെ ഇതിൻ്റെ വിപണന സാധ്യതകളും ഏറെയാണ്.