വാഷിംഗ്ടൺ : ഫ്‌ളൈ ദുബായ് വിമാനത്തിൽ വൈസ് ക്യാപ്റ്റൻ നടത്തിയത് ഭീകരാക്രമണ ശ്രമമാണെന്നും അതിന് പിന്നിൽ ഇറാന് പങ്കുണ്ടെങ്കിൽ രാജ്യം അതിശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ദുബായിൽ നിന്ന് ഇസ്രായേലിലെ തെൽ അവീവിലേക്ക് പറന്ന വിമാനത്തിലാണ് കോ-പൈലറ്റ് ക്യാപ്റ്റനെ ക്രൂരമായി ആക്രമിച്ച് വിമാനം തകർക്കാൻ ശ്രമിച്ചത്. വിമാനത്തിൽ കോക്പിറ്റിനുള്ളിൽ ജീവനക്കാർ തമ്മിൽ അടിയന്തര തർക്കവും കൈയേറ്റവും ഉണ്ടായതിനെ തുടർന്നാണ് വിമാനം സൗദി അറേബ്യയിലെ തബൂക്കിലേക്ക് വഴിതിരിച്ചുവിട്ട് അടിയന്തരമായി ഇറക്കിയത്.
ക്യാബിൻ ജീവനക്കാരുടെ ഇടപെടൽ മൂലമാണ് വിമാനം സുരക്ഷിതമാക്കാനായത്. സംഭവത്തിൽ ടെഹ്റാന് (ഇറാൻ) പങ്കുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, വൈറ്റ് ഹൗസിൽ മറുപടി പറയുകയായിരുന്നു ട്രംപ്. ‘അവർക്ക് കനത്ത പ്രഹരം തന്നെ നേരിടേണ്ടി വരും, കാര്യങ്ങൾ ഞങ്ങൾ ഏറ്റെടുത്തിട്ടുണ്ട്’ എന്നും ട്രംപ് വ്യക്തമാക്കി. അതേസമയം സുരക്ഷാ കാരണങ്ങളാൽ അന്വേഷണം പൂർത്തിയാകുന്നതുവരെ ഇസ്രായേലിലേക്കും തിരിച്ചുുമുള്ള എല്ലാ വിമാന സർവീസുകളും ഫ്‌ളൈദുബായ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.




























