ലഖ്നൗ: പെരുന്നാൾ ദിനത്തിൽ ഫലസ്തീൻ പതാക വീശിയതിന് മുസ്‌ലിം ജീവനക്കാരനെ പിരിച്ചുവിട്ട് യുപി വൈദ്യുതി വകുപ്പ്. സഹാറൻപൂർ ജില്ലയിലെ കൈലാശ്പൂർ പവർ ഹൗസിലെ താത്കാലിക ജീവനക്കാരൻ സാഖിബ് ഖാനെതിരെയാണ് നടപടി. പതാക വീശിയത് ദേശവിരുദ്ധ പ്രവൃത്തിയെന്ന് ആരോപിച്ചാണ് നടപടി. മാർച്ച് 31ന് പെരുന്നാൾ നമസ്കാരത്തിന് ശേഷം സാഖിബ് ഉൾപ്പെടെയുള്ളവർ ഫലസ്തീന് ഐക്യദാർഢ്യം അർപ്പിച്ച് പതാക വീശുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനു പിന്നാലെയാണ് പുറത്താക്കൽ. ഫലസ്തീൻ ഐക്യദാർഢ്യ പ്രതിഷേധത്തിൽ 70 പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ജീവനക്കാരന്റെ നടപടി ദേശവിരുദ്ധമാണെന്നും അതാണ് നടപടിക്കു കാരണമെന്നും വൈദ്യുതി വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയർ സഞ്ജീവ് കുമാർ അവകാശപ്പെട്ടു. ‘കൈലാശ്പൂർ പവർഹൗസിലെ താത്കാലിക ജീവനക്കാരനായ സാഖിബ് ഖാൻ പെരുന്നാൾ നമസ്കാരത്തിന് ശേഷം ഫലസ്തീൻ പതാക വീശുകയും ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു’ എന്ന് കുമാർ പറഞ്ഞു. ‘ഇക്കാര്യം വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുകയും ഇതൊരു ദേശവിരുദ്ധ പ്രവൃത്തിയായി പരിഗണിച്ച് അടിയന്തിര നടപടി സ്വീകരിക്കുകയുമായിരുന്നു. ബന്ധപ്പെട്ട കരാർകമ്പനിക്ക് ഒരു കത്ത് എഴുതുകയും ഖാനെ സർവീസിൽ നിന്ന് നീക്കം ചെയ്യാൻ നിർദേശിക്കുകയും ചെയ്തു’ എന്നും കുമാർ വ്യക്തമാക്കി.