ഏതെങ്കിലും ഭക്ഷ്യപദാര്‍ഥം ഒരാളുടെ ശരീരത്തിലെ പ്രതിരോധ സംവിധാനവുമായി യോജിക്കാതെ വരുമ്പോള്‍ ശരീരത്തില്‍ പ്രകടമാകുന്ന ചില പ്രതിപ്രവര്‍ത്തനങ്ങളെയാണ് ഭക്ഷ്യ അലര്‍ജി എന്ന് അറിയപ്പെടുന്നത്. ഇത് ഗൗരവമായിക്കണ്ട് കൃത്യമായി രോഗനിര്‍ണയം നടത്തി ചികിത്സിക്കേണ്ടതാണ്. ഒരു വ്യക്തിയില്‍ അലര്‍ജിസ്വഭാവം ഗര്‍ഭാവസ്ഥയില്‍ തന്നെ ആരംഭിക്കുന്നു. നവജാത ശിശു ആഹാരപദാര്‍ഥങ്ങള്‍ കഴിച്ചു തുടങ്ങുമ്പോള്‍ത്തന്നെ ഭക്ഷ്യവസ്തുവിനോടുള്ള ശരീരത്തിന്റെ പ്രതിപ്രവര്‍ത്തനവും ആരംഭിക്കുന്നു. ആദ്യമായി ദഹനേന്ദ്രിയത്തെയാണ് അലര്‍ജി ബാധിക്കുന്നത്. തുടര്‍ന്ന് തൊലിപ്പുറത്തുള്ള ചൊറിച്ചില്‍, ശ്വാസംമുട്ടല്‍, മൂക്കില്‍നിന്നും വെള്ളംവരുക എന്നിവ പ്രകടമാകുന്നു. എന്നാല്‍ ഇത്തരം അലര്‍ജി എല്ലാവരിലും ഒരുപോലെ പ്രകടമാകണമെന്നുമില്ല.
ഭക്ഷ്യ അലര്‍ജിയുടെ ലക്ഷണങ്ങള്‍
ശരീരത്തിലെ ഏത് അവയവത്തെയും ഭക്ഷ്യ അലര്‍ജി ബാധിക്കും. ഇവയില്‍ ത്വക്കിനെയും ദഹനേന്ദ്രിയങ്ങളെയുമാണ് കൂടുതലും ബാധിക്കുന്നത്. ത്വക്കില്‍ അലര്‍ജിയുണ്ടാകുമ്പോള്‍ ശരീരം ചൊറിഞ്ഞ് തടിക്കുക, ചുവന്ന അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുക, നീരുകെട്ടുക, ചൂട് അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുവരാറുണ്ട്. ദഹനേന്ദ്രിയങ്ങളെ ബാധിക്കുമ്പോള്‍ വയറ് വേദന, വയറിളക്കം, വായിലും നാവിലും തടിപ്പ്, ഇടവിട്ടുള്ള വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടെന്നുവരാം. കുട്ടികളില്‍ കാണുന്ന ആസ്ത്മ ഭക്ഷ്യ അലര്‍ജിയുമായി ബന്ധമുള്ളതായി വെളിപ്പെട്ടിട്ടുണ്ട്. ഭക്ഷ്യപദാര്‍ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന ചേരുവകളും ഒരു പരിധിവരെ ഇതിന് കാരണമാണ്.
അനാഫൈലാക്‌സിസ്
ഭക്ഷ്യ അലര്‍ജി ചില വ്യക്തികളില്‍ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുന്ന വളരെ അപകടകരമായ അവസ്ഥയാണ്. ദേഹം മുഴുവന്‍ വീര്‍ത്ത് തടിച്ച് ശ്വാസം ലഭിക്കാതെ രക്തസമ്മര്‍ദം തീരെ കുറഞ്ഞ് രോഗി അത്യാസന്ന നിലയില്‍ എത്തിപ്പെടാന്‍ സാധ്യതയുണ്ട്. അടിയന്തിരമായി തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ ഒരുപക്ഷേ മരണംവരെ സംഭവിക്കാം. ഭക്ഷ്യ അലര്‍ജിമൂലം അനാഫൈലാക്‌സിസ് ഉണ്ടായാല്‍ സംശയാസ്പദമായ ഭക്ഷ്യവസ്തു ഏതാണെന്ന് തിരിച്ചറിഞ്ഞ് ഭാവിയില്‍ ആ ഭക്ഷ്യവസ്തുവിനെ ആഹാരത്തില്‍നിന്ന് കര്‍ശനമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഓക്കാനം, ഛര്‍ദി, കണ്ണിനും മൂക്കിനും ചൊറിച്ചില്‍ അനുഭവപ്പെടുക, ശരീരം നീലനിറമാവുക, ശരീരക്ഷീണം, തലവേദന, പനി, ഉന്മേഷക്കുറവ് എന്നിവയും ഭക്ഷ്യ അലര്‍ജിയുടെ മറ്റ് ലക്ഷണങ്ങളാണ്.