നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തെ വലിയ രീതിയില്‍ സ്വാധീനിക്കാന്‍ ഭക്ഷണത്തിന് കഴിയും. പഴങ്ങളും പച്ചക്കറികളും ധാരാളം ഉള്‍പ്പെടുത്തിയുള്ള ആരോഗ്യകരമായ ഡയറ്റ് പിന്തുടരുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രായമാകുമ്പോള്‍ നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനം സ്വാഭാവികമായി കുറയാന്‍ തുടങ്ങും. ഇത് ഡിമെന്‍ഷ്യ പോലുള്ള മറവി രോഗങ്ങള്‍ വരാനുള്ള സാധ്യത കൂട്ടുന്നു. അതിനാല്‍ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന പോഷകങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ ബ്ലൂബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസ്സാണ് ഓറഞ്ച്. ഇടത്തരം വലിപ്പമുള്ള ഒരു ഓറഞ്ച് കഴിച്ചാല്‍ മതി നിങ്ങളുടെ ഒരു ദിവസം ആവശ്യമായ മുഴുവന്‍ വിറ്റാമിന്‍ സിയും ലഭിക്കും.
ഉത്കണ്ഠ, വിഷാദരോഗം, സ്‌കീസോഫ്രീനിയ, അല്‍ഫിമേഴ്സ് പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാനും വിറ്റാമിന്‍ സി സഹായകരമാണ്. ആരോഗ്യകരമായ കൊഴുപ്പിന് പുറമെ വിറ്റാമിന്‍ കെ, ഫോളേറ്റ് എന്നിവരും അവാക്കാഡോയില്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനെത്തെ ശക്തിപ്പെടുത്തുന്നു. വിറ്റാമിന്‍ കെയുടെ മികച്ച സ്രോതസ്സാണ് ബ്രൊക്കോളി. തലച്ചോറിന് ഏതെങ്കിലും തരത്തിലുള്ള ക്ഷതങ്ങള്‍ സംഭവിത്തുന്നതില്‍ നിന്ന് സംരക്ഷിക്കാന്‍ വിറ്റാമിന്‍ കെ സഹായിക്കും. ഇത് ഓര്‍മ്മശക്തിക്കും ബുദ്ധിശക്തിക്കും നല്ലതാണ്. വാല്‍നട്ട്, ബദാം തുടങ്ങിയ നട്സ് ആരോഗ്യകരമായ കൊഴുപ്പുകളുടെയും വിറ്റാമിന്‍ ഇയുടെയും ആന്റിഓക്സിഡന്റുകളുടെയും കലവറയാണ്. ഈ പോഷകങ്ങള്‍ സമ്മര്‍ദങ്ങളില്‍ നിന്ന് തലച്ചോറിനെ സംരക്ഷിക്കുന്നു.